മുന്നിട്ടിറങ്ങി സംഘടനകൾ; ക്ലീനായി ഇട്ടിലാകുളം
text_fieldsഅലനല്ലൂർ: ശോച്യാവസ്ഥയിലായ ഇട്ടിലാകുളം സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങിയതോടെ ക്ലീനായി. എസ്.കെ.എസ്.എസ്.എഫ് വിഖായ ജില്ല സമിതിയും പെരിമ്പടാരി കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായാണ് ശുചീകരണം നടത്തിയത്.
പായലും പ്ലാസ്റ്റിക്കും ചളിയും നിറഞ്ഞ് അലക്കാനും കുളിക്കാനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കുളം. കഴിഞ്ഞ വെള്ളിയാഴ്ച ‘ഇട്ടിലാകുളം ആര് നവീകരിക്കും’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് എസ്.കെ.എസ്.എസ്.എഫ് ജില്ല സമിതി ഇടപ്പെട്ട് മുപ്പതോളം സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.
കുളത്തിന് ചുറ്റും വളർന്ന കാടുകളും വെട്ടിമാറ്റി. വെള്ളത്തിന് ദുർഗന്ധം വന്നതോടെ കുളം ഉപയോഗിക്കാൻ പലരും മടിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിക്കാനോ, കുളം നവീകരിക്കാനോ ശ്രമം ഉണ്ടായില്ല. ഗ്രാമപഞ്ചായത് ഇതിനായി തുക വകയിരുത്തുകയും ചെയ്തില്ല. ഇതേ തുടർന്നാണ് കുളം വൃത്തിഹീനമായത്.
എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് ഹുസൈൻ തങ്ങൾ കൊടക്കാട് ശുചീകരണം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ റഷീദ് കമാലി, ഉമ്മർ ഫാറൂഖ്, വിഖായ സംസ്ഥാന സമിതിയംഗം സാദിഖ് ആനമൂളി, പ്രവാസി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ കളഭം, യൂനിറ്റ് സെക്രട്ടറി അൻവർ കമാലി, നിഷാദ് വരോട്, ജില്ല സെക്രട്ടേറിയറ്റ് അംഗം മുസ്തഫ ഫൈസി, വിഖായ കോഓഡിനേറ്റർ അബ്ദുറഹ്മാൻ ആലത്തൂർ, കോൺഗ്രസ് പ്രവർത്തകരായ സാരിഖ് അച്ചിപ്ര, നവീൻ ചന്ദ്രൻ, കെ.കെ. അക്ബറലി, ശിവപ്രകാശ്, അബിൻഷാ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.