രണ്ട് പതിറ്റാണ്ടായി; കാട്ടുകുളം അംഗൻവാടി വാടക കെട്ടിടത്തിൽതന്നെ
text_fieldsഅലനല്ലൂർ: വാടക കെട്ടിടത്തിൽ 2005 മുതൽ പ്രവർത്തനം തുടങ്ങിയ കാട്ടുകുളം അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ പഞ്ചായത്തിനായില്ല. രണ്ട് പതിറ്റാണ്ടിൽ പ്രദേശത്തെ പത്തിലധികം വീടുകളിലാണ് അംഗൻവാടിയുടെ പ്രവർത്തനം മാറി മാറി നടന്നത്.
വാടക വീടുകൾ മിക്കതും ഇടിഞ്ഞ് പൊളിയാറായ കെട്ടിടങ്ങളായിരിക്കും. അതിനാൽ കുറഞ്ഞ നിരക്കിലാണ് ഇവ വാടകക്ക് എടുക്കുക. അതുകൊണ്ട്തന്നെ വീടുകൾ പെട്ടെന്ന് ഒഴിയണമെന്ന ഉടമസ്ഥരുടെ ആവശ്യമാണ് അംഗൻവാടി പ്രവർത്തനം പത്തിലധികം വീടുകളിൽ പ്രവർത്തിക്കാനിടയായത്. അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 50 അംഗൻവാടികളാണുള്ളത്. ഇതിൽ 49ഉം നല്ല കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഭൂരിഭാഗവം ആധുനിക സൗകര്യമുള്ള സ്മാർട്ട് റൂമുകളുമാണ്. കാട്ടുകുളത്തെ അംഗൻവാടിക്ക് മാത്രമാണ് സ്വന്തം കെട്ടിടമില്ലാത്തത്. ഗ്രാമ സഭകളിൽ സ്വന്തമായി കെട്ടിട നിർമിക്കാനുള്ള ചർച്ചകൾ ഉണ്ടാകാറുണ്ടെങ്കിലും വെറും ശബ്ദമായി അവശേഷിക്കുകയാണ് പതിവ്. അംഗൻവാടി കെട്ടിടത്തിന് പരേതയായ കാരകുളവൻ ഖദീജ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് പറഞ്ഞിരുന്നു. ഈ സ്ഥലത്തേക്ക് വീതികുറഞ്ഞ ഇടവഴിയായിരുന്നു. സ്ഥലത്തിന് തൊട്ടടുത്തുള്ളവർ ഇടവഴി വിശാലമാക്കി വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലം നൽകിയില്ല എന്ന കാരണം പറഞ്ഞാണ് സൗജന്യ സ്ഥലം ഒഴിവാക്കിയത്.
പിന്നീട് ആലായൻ ഉമ്മർ സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചിരുന്നു. സ്ഥലം പള്ളിയാൽ ആയത് കൊണ്ട് അതും ഒഴിവാക്കി. പിന്നീട് തെക്കൻ ആമിന, മുതുകുറ്റി മുഹമ്മദ് എന്നിവർ സൗജന്യമായി സ്ഥലം നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിലേക്കും വഴിയില്ല എന്ന കാരണത്താൽ അതും ഒഴിവാക്കി. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാന പാതക്കരികിൽ അത്താണിപടിയിൽ ഒഴിഞ്ഞ് കിടക്കുന്ന പി.ഡബ്ല്യൂ.ഡിയുടെ സ്ഥലം അഞ്ച് സെന്റ് അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും ചിലരുടെ പരാതിക്കൊടുവിൽ അതും കൈവിട്ടു.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ 2020, 21 വർഷം അംഗൻവാടിക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുപേർ സ്ഥലം വിൽക്കാനായി മുന്നോട്ട് വന്നിരുന്നു. പ്രദേശത്ത് വിൽപന നടത്തിയ അവസാനത്തെ ആധാരത്തിലെ വില നോക്കി വില്ലേജ് ഓഫിസർ നിശ്ചയിച്ച വില കുറവാണെന്ന് പറഞ്ഞ് മൂന്നുപേരും പിൻവാങ്ങി.
സംസ്ഥാന പാതക്കരികിലെ സ്ഥലങ്ങൾക്ക് നല്ലവില ലഭിക്കുന്നതിനാൽ തുച്ഛമായ വിലക്ക് നൽകാൻ ആളുകൾ തയാറാകാത്തതിനെ തുടർന്നാണ് സ്ഥലം ലഭിക്കാതെ പോകുന്നത്. സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കാട്ടുകുളം അംഗൻവാടി കെട്ടിടത്തിന് 2024-25 വർഷം 18 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടന്നും അതിന് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കൽ ബഷീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.