കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസ് വായന വണ്ടിയായി
text_fieldsഅലനല്ലൂർ: കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് ഇനി ഭീമനാട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് വായന വണ്ടി. ഫാൻ സൗകര്യം ഉൾപ്പെടെയുള്ള വായന വണ്ടി വ്യാഴാഴ്ച രാവിലെ 10ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വിദ്യാർഥികൾക്ക് തുറന്നുകൊടുക്കും. 1511 കുട്ടികൾ പഠിക്കുന്ന ഭീമനാട് ഗവ യു.പി സ്കൂളിന് ലൈബ്രറി കെട്ടിടം ഇല്ല.
അത്യാവശ്യത്തിന് ക്ലാസ് മുറികളും ഇല്ലാത്ത സ്ഥിതിക്ക് കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സ്ഥലസൗകര്യം കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ കിട്ടിയാൽ ഒരുക്കാമെന്ന ചിന്തയിലാണ് ബസ് സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ നൽകിയാൽ കട്ടപ്പുറത്ത് നിൽക്കുന്ന ബസ് സ്കൂളിന് സ്വന്തമാക്കാം എന്നവിവരം കിട്ടി. സാമ്പത്തികം കണ്ടെത്താൻ കഴിയാത്തതിൽ പിന്മാറേണ്ടി വന്നു. പിന്നീട് നൂറോളം വിദ്യാർഥികൾ ഒപ്പിട്ട നിവേദനം അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകി. പിന്നീട് നിരവധിതവണ ബസ് അനുവദിക്കാനുള്ള ശ്രമം തുടർന്നു.
ഒടുവിൽ എടപ്പാൾ ഡിപ്പോയിൽ കട്ടപ്പുറത്ത് നിൽക്കുന്ന ബസ് അനുവദിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ബസ് വൃത്തിഹീനമായ നിലയിലായിരുന്നു. എൻജിൻ ഇല്ലാത്ത ബസ് കെട്ടിവലിച്ച് സ്കൂളിലെത്തിച്ചു. ബസിനെ ആധുനിക സൗകര്യത്തോടെയുള്ള വായന വണ്ടി ആക്കാനുള്ള ശ്രമത്തിനായി പി.ടി.എ പ്രസിഡന്റ് അബൂബക്കർ നാലകത്തിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി 1,13,000 രൂപ വായന വണ്ടിക്കായി സ്വരൂപിച്ചു.
രണ്ട് തവണ നല്ല സ്കൂൾ പി.ടി.എക്ക് ലഭിച്ച അവാർഡ് തുകയായ ഒരുലക്ഷം രൂപയും ബാക്കി അധ്യാപകരും കൂടി എടുത്താണ് ബസ് മോടിപിടിപ്പിച്ചത്. ലൈബ്രറിക്ക് പുറമെ ബസ് ചരിത്രമ്യൂസിയം പോലെ ഉപയോഗിക്കാനും ജില്ലയുടെ പ്രത്യേകതകൾ ഉൾകൊള്ളിച്ചും മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ പതിച്ചും കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാനുള്ള പുസ്തകങ്ങൾ സജ്ജീകരിച്ചുമാണ് വയന വണ്ടി ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ കോൺഫറൻസ് ഹാളായും പ്രൊജക്ടർ വെച്ച് മിനി തിേയറ്ററായും പ്രവർത്തിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ വായന വണ്ടി ആയി മാറുകയാണ് ഭീമനാട് സ്കൂളിലെ ലൈബ്രറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.