പിലാച്ചോലയിൽ കോഴിക്കൂട്ടിൽ നിന്ന് ഉടുമ്പിനെ പിടികൂടി
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിൽ കോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ പിടികൂടി. അധ്യാപകനായ മഠത്തൊടി അഷ്റഫിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് ഉടുമ്പിനെ പിടികൂടിയത്.
ഒരു മാസമായി കോഴിക്കൂട്ടിൽ നിന്ന് പത്തോളം കോഴിക്കുഞ്ഞുങ്ങളെ നഷ്ടമായിരുന്നെങ്കിലും കാരണം മനസ്സിലായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഉടുമ്പ് കോഴിക്കൂട്ടിൽ പ്രവേശിക്കുന്നതും കോഴിമുട്ട ഭക്ഷിക്കുന്നതും ശ്രദ്ധയിൽപെട്ടത്.
ചൊവ്വാഴ്ച ഉടുമ്പിനെ പിടികൂടാനായി കൂട് അടച്ച് മണ്ണാർക്കാട് ആർ.ആർ.ടി ടീമിനെ വിവരമറിയിച്ചെങ്കിലും അവരെത്തും മുമ്പ് വലക്കണ്ണികൾ പൊട്ടിച്ച് ഉടുമ്പ് രക്ഷപ്പെട്ടു. വ്യാഴാഴ്‌ച സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അധ്യാപകൻ കോഴികളുടെ ശബ്ദ വ്യത്യാസം ശ്രദ്ധിച്ചപ്പോഴാണ് കൂട്ടിനുള്ളിൽ വീണ്ടും ഉടുമ്പിനെ കണ്ടത്.
ഉടനെ കൂടടച്ച് ആർ.ആർ.ടിയെ വിവരമറിയിച്ച് കാവലിരുന്നു. മണ്ണാർക്കാട്ടുനിന്ന് എത്തിയ ആർ.ആർ.ടി അംഗങ്ങൾ ഉടുമ്പിനെ വനത്തിൽ വിടാനായി കൊണ്ടുപോയി. ഡെപ്യൂട്ടി ആർ.എഫ് ഗ്രേഡ് വി. രാജേഷ്, ഡി.എഫ്.ഒ എം.ആർ. രാഹുൽ, വേണുഗോപാലൻ, നൗഫൽ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് ഉടുമ്പിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.