വന്യജീവികൾ കാടിറങ്ങാതിരിക്കാൻ വനത്തിൽ കുളം കുഴിച്ചു
text_fieldsഅലനല്ലൂർ: വേനലിൽ വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ വനത്തിനുള്ളിൽ കുളം കുഴിച്ചു. സൈലന്റ് വാലി വനത്തില്‍ തിരുവിഴാംകുന്ന് കരടിയോട് ഭാഗത്താണ് വനംവകുപ്പ് കുളം നിർമിച്ചത്. കരടിയോട് വഴി കാട്ടാനകള്‍ വെള്ളം തേടി നാട്ടിലേക്കിറങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. സൈലന്റ്വാലി റേഞ്ചും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഞ്ചുമീറ്റര്‍ നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുളം ഒരുക്കിയത്. ചതുപ്പിനടുത്തായതിനാൽ നിലവില്‍ ജലസമൃദ്ധമാണ്. സമീപത്തെ നീര്‍ച്ചാലിലും വെള്ളം കെട്ടി നിര്‍ത്തിയിട്ടുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. വനവികസന ഏജന്‍സിയിൽ നിന്നും താല്‍ക്കാലികമായി ലഭിച്ച തുക വിനിയോഗിച്ചാണ് കുളം നിർമിച്ചത്.
കാലവര്‍ഷം ദുര്ബലപ്പെട്ടതിനൊപ്പം ഇടമഴ ലഭിക്കാത്തതിനാലും വനത്തിനകത്തും വരള്‍ച്ച രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കൂടുതല്‍ സ്ഥലങ്ങളില്‍ കിണറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഏഴോളം ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചിട്ടുണ്ട്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലും വനത്തിനകത്ത് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. വരൾച്ചയിൽ കാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റുന്ന ഘട്ടത്തില്‍ പ്രത്യേകം കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിര്‍മിച്ച് വെള്ളം നിറക്കുന്ന ത് ഗുണപ്രദമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വന്യജീവികളുടെ കാടിറക്കവും കാട്ടുതീ കണ്ടെത്താനുമായി മണ്ണാര്‍ക്കാട് റേഞ്ച് പരിധിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിവരുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിരന്തരമായ നിരീക്ഷണത്തിനൊപ്പം കാടിറങ്ങുമ്പോള്‍ തന്നെ കാട്ടാനകളെ വനപാലകര്‍ ചേര്‍ന്നു തുരത്തുന്നതിനാലും കഴിഞ്ഞ രണ്ട് മാസത്തോളമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാനശല്യത്തിന് അയവുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.