ക്രഷറിനെതിരായ തടിയംപറമ്പിന്‍റെ പ്രതിരോധം ശക്തമാകുന്നു
text_fieldsഅലനല്ലൂര്‍: പ്രവര്‍ത്തനാനുമതിയെ ചൊല്ലി വിവാദം തുടരുന്ന എടത്തനാട്ടുകര തടിയംപറമ്പിലെ നിര്‍ദിഷ്ട എം സാന്‍ഡ് ക്രഷര്‍ യൂനിറ്റ് പ്രദേശത്ത് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. ക്രഷര്‍ യൂനിറ്റ് നടത്താന്‍ പോകുന്ന സ്ഥലത്തുനിന്ന് വീടുകളിലേക്കും പുഴയിലേക്കും കുടിവെള്ള പദ്ധതികളിലേക്കും ദൂരം പ്രാഥമികമായി ഉദ്യോഗസ്ഥര്‍ അളന്നു. ക്രഷര്‍ യൂനിറ്റിന്‍റെ 150 മീറ്റര്‍ ചുറ്റളവില്‍ വീടുകളില്ലെന്ന വാദം തെറ്റാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. പൊതുവെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ക്രഷര്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജലദൗര്‍ലഭ്യത്തോടൊപ്പം പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ക്രഷറിന് അനുമതി ലഭിച്ചതില്‍ ദുരൂഹതകളുണ്ടെന്ന ആക്ഷേപവും നാട്ടുകാര്‍ ആവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പു നല്‍കിയ പേപ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കാം ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ എസ്. ബിജു പറഞ്ഞു. എന്നാല്‍, എം സാന്‍ഡ് ക്രഷര്‍ യൂനിറ്റ് ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കില്ലെന്നും സ്ഥലത്തെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറിയിലാണ് ക്രഷര്‍ പ്രവര്‍ത്തിക്കുകയെന്നും ഹോളോ ബ്രിക്‌സ്, ഇന്‍റര്‍ലോക്ക് തുടങ്ങിയവ നിര്‍മിക്കുന്നതിന് അസംസ്കൃത വസ്തുക്കള്‍ പുറത്തുനിന്ന് എത്തിക്കുകയാണ് ചെയ്യുകയെന്നും ക്രഷര്‍ ഉടമ സലാം പുളിക്കല്‍ വ്യക്തമാക്കി.
എന്നാല്‍, ജനവാസകേന്ദ്രത്തില്‍ ക്രഷര്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നതിനെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോവുകയാണ് തടിയംപറമ്പ് ജനകീയ സമിതി. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നിര്‍ദിഷ്ട ക്രഷറിന് സമീപം ക്രഷര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോടതിയേയും ഉദ്യോഗസ്ഥരേയും തെറ്റിദ്ധരിപ്പിച്ച് നേടിയ അനുമതികളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാനുള്ള നിയമ പോരാട്ടങ്ങളാണ് വേണ്ടതെന്നും ജനകീയ പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈല ഷാജഹാൻ, മഠത്തൊടി അലി, പി. ജോർജ് മാത്യു, കെ.ടി. ഹംസപ്പ, കെ.ടി. നാസർ, പി. അഹമദ് സുബൈർ, കബീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.