കടുവയെന്ന് നാട്ടുകാർ; സ്ഥിരീകരിക്കാതെ വനംവകുപ്പ്
text_fieldsഅലനല്ലൂർ: കാപ്പുപറമ്പ് ചൂരിയോടില്‍ വന്യജീവി ആക്രമിച്ച ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ വനപാലക സംഘത്തിെൻറയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ആടുകളെ മേയാന്‍ വിട്ട സ്ഥലത്ത് നിന്നു 200 മീറ്റര്‍ മാറി കാടുമൂടി കിടക്കുന്ന സ്വകാര്യ സ്ഥലത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാല് ആടുകളെയാണ് വന്യജീവി ആക്രമിച്ചത്. ഇതില്‍ രണ്ടെണ്ണത്തെ മുഴുവനായും രണ്ടെണ്ണത്തിനെ പകുതിയും ഭക്ഷിച്ച നിലയിലാണ്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചൂരിയോട് ആട് ഫാം നടത്തുന്ന എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി പുത്തന്‍കോട്ട് സലീമിെൻറ മേയാന്‍ വിട്ട ആടുകളെ കാണാതായത്. തിരച്ചില്‍ നടത്തിയപ്പോള്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും രക്തവും കണ്ടെത്തിയതോടെയാണ് വന്യജീവി ആക്രമിച്ചതായി ഉറപ്പായത്.
അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അഭിലാഷിെൻറ നേതൃത്വത്തില്‍ െസെലൻറ് വാലി റേഞ്ചിലെയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ആര്.ആര്.ടി യും ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, ആടുകളെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫാമിലെ തൊഴിലാളികളില്‍ ചിലര്‍ കടുവയെ കണ്ടതായും പറയുന്നു. എന്നാല്‍ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ചൂരിയോട് ആദിവാസി കോളനിക്ക് സമീപത്തായാണ് വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്. ജനവാസമുള്ള പ്രദേശത്ത് വന്യജീവിയെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചതായും വീണ്ടും വന്യജീവിയെത്തിയാല് കാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും മേല്‍നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.