പാലക്കാട്ടെ പോരാട്ടം പ്രവചനാതീതം; ഇനി വോട്ടുറപ്പിക്കാൻ നെട്ടോട്ടം
text_fieldsഅലനല്ലൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണം ബുധനാഴ്ച അവസാനിക്കും. അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും.
വേനൽച്ചൂടിനെ മറികടക്കുകയാണ് രാഷ്ട്രീയ ചൂട്. വോട്ടെടുപ്പിന് ഇനി നാല് നാൾ മാത്രം. 26ന് കേരളം ബൂത്തിലേക്ക് നീങ്ങും. ഇത്തവണ ആവശ്യത്തിലേറെ സമയം പ്രചാരണത്തിന് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പു തന്നെ ചില സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ റോഡ് ഷോയും പിന്നീട് കുടുംബ യോഗങ്ങളും സ്വീകരണങ്ങളും പൊതുയോഗങ്ങളുമെല്ലാമായി സ്ഥാനാർഥികൾ നാലും അഞ്ചും വട്ടം മണ്ഡലങ്ങളിൽ പര്യടനം നടത്തിക്കഴിഞ്ഞു. കടുത്ത ചൂട് അൽപം വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും തളർച്ചയില്ലാതെ തന്നെ സ്ഥാനാർഥികൾ കളം നിറയുന്നുണ്ട്. ഇനിയുള്ള വിരലിലെണ്ണാവുന്ന ദിനങ്ങളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടപാച്ചിലിലാണ് സ്ഥാനാർഥികൾ.
പാലക്കാട് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറാണ് ആദ്യം പ്രചാരണം തുടങ്ങിയത്. ഇത്തവണ എൻ.ഡി.എ പ്രതീക്ഷയർപ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ജില്ലയിലെത്തിച്ച് പ്രചാരണം തുടങ്ങിയ സി. കൃഷ്ണകുമാർ ലക്ഷ്യമിടുന്നത് ജയത്തിൽക്കുറഞ്ഞതൊന്നുമല്ല.
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു ക്യാമ്പ് പ്രവർത്തനം. പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനിലൂടെ അത് സാധ്യമാകുമെന്നു തന്നെയാണ് ഇടതു പ്രതീക്ഷ. എണ്ണയിട്ട യന്ത്രം പോലെ ബൂത്ത് തലം മുതൽ സജീവമാണ് ഇടതുക്യാമ്പുകളുടെ പ്രവർത്തനം.
കേന്ദ്രസർക്കാറിന്റെ ഭരണവൈകല്യങ്ങളും കോൺഗ്രസിന്റെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് ഇടത് നേതാക്കൾ പ്രചാരണം കൊഴുപ്പിക്കുന്നത്. മുഴുവൻ സീറ്റിലും വിജയിക്കുമെന്നവർ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായ വൻ തോൽവി ഒഴിവാക്കാനാണ് ഇടതു ക്യാമ്പുകൾ കിണഞ്ഞ് ശ്രമിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനും പാലക്കാട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര, കേരള സർക്കാറുകളുടെ നയ സമീപനങ്ങൾ തുറന്നു കാട്ടിയുമാണ് യു.ഡി.എഫിന്റെ പ്രചാരണം.
രാഹുൽ ഗാന്ധിയെ വരെ പ്രചാരണത്തിനിറക്കി മണ്ഡലം നിലനിർത്താൻ യു.ഡി.എഫും കഠിന പ്രയത്നത്തിലാണ്. ഇതെല്ലാം പാലക്കാട്ടെ പോരാട്ടം ഇത്തവണ പ്രവചനാതീതമാക്കുന്നു. മുന്നണി സ്ഥാനാർഥികളുൾപ്പെടെ പത്ത് പേരാണ് പാലക്കാട് ലോക്സഭ മണ്ഡലത്തിൽ മത്സര രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.