എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവ ആക്രമണം; നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്കുനേരെ കടുവയുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം നിരന്തരമായി ഉള്ളതായി പറയുന്ന പിലാച്ചോലയിലെ ചാലിശ്ശേരി റബർ തോട്ടത്തിൽ രണ്ടിടങ്ങളിലായാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ടാപ്പിങ് തൊഴിലാളിയായ വെള്ളേങ്ങര ഹുസൈനെ (34) കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണം ഉണ്ടായ പ്രദേശം മണ്ണാർക്കാട് ഡി.എഫ്.ഒ സൈനുൽ ആബിദീൻ ഞായറാഴ്ച ഉച്ചയോടെ സന്ദർശിച്ചു. കടുവയെ കണ്ടതായി പറയുന്ന തൊഴിലാളികളിൽ നിന്നും വിവരം ശേഖരിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനകം കാമറകൾ പരിശോധിക്കാനാണ് തീരുമാനം. കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ സ്വഭാവം മനസ്സിലാക്കി മേൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കെണി സ്ഥാപിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹുസൈെൻറ ചികിത്സ ചെലവ് പൂർണമായും ആഗസ്റ്റ് മാസത്തോടെ നൽകുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ്, വാർഡ് അംഗം ബഷീർ പടുകുണ്ടിൽ, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ, മഠത്തൊടി അബൂബക്കർ, അയ്യപ്പൻ കുറൂപാടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കടുവയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. എത്രയും പെട്ടെന്ന് കെണികൾ സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഇനിയും അനാസ്ഥ തുടർന്നാൽ സമരപരിപാടികൾക്ക് നേതൃത്വം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
ഉറക്കം നഷ്്ടപ്പെട്ട് മലയോരവാസികൾ
അലനല്ലൂർ: വന്യമൃഗശല്യം ജീവന് ഭീഷണിയായതോടെ മലയോരവാസികൾ ഭീതിയുടെ നിഴലിൽ. ആദ്യമൊക്കെ കൃഷിനാശമാണ് ഉണ്ടായിരുന്നെങ്കിൽ പിന്നെ വളർത്തുമൃഗങ്ങളെ നഷ്്ടമായി തുടങ്ങി. ഇപ്പോൾ മനുഷ്യജീവനും ഭീഷണിയായി കടുവയുടെ ആക്രമണവും. ഉപ്പുകുളം, കാപ്പുപറമ്പ്, കരടിയോട്, തിരുവിഴാംകുന്ന് മേഖലകളിലാണ് വന്യമൃഗശല്യം രൂക്ഷം.
തിരുവിഴാംകുന്ന്, കരടിയോട് പ്രദേശങ്ങളിൽ ഒരാഴ്ചയായി കാട്ടാനകൾ കൃഷി നാശം തുടരുകയാണ്. ഉപ്പുകുളം, കോട്ടപ്പള്ള, കാപ്പുപറമ്പ്, അമ്പലപ്പാറ, കരടിയോട്, മുറിയകണ്ണി എന്നിവിടങ്ങളിൽ പുലി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് തുടർക്കഥയാണ്. നിരവധി ആടുകളും വളർത്തുനായകളുമാണ് ഏതാനും മാസങ്ങൾക്കുള്ളിൽ കടുവയുടെ ഇരകളായത്. ഫെബ്രുവരിയിൽ മേയാൻ വിട്ട കാളയെയും കടുവ ഇരയാക്കിയിരുന്നു. ആദ്യമൊക്കെ പന്നി, കുരങ്ങ്, മയിൽ എന്നിവകളാൽ ബുദ്ധിമുട്ടിയിരുന്ന മലയോരവാസികൾക്ക് ഇപ്പോൾ ഭീഷണിയായുള്ളത് ആനയും പുലിയും കടുവയുമാണ്. കടുവയുടെ ആക്രമണം ഉണ്ടായതോടെ വലിയ പ്രയാസമാണ് ഉപ്പുകുളത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ നേരിടുന്നത്. നാലുവർഷം മുമ്പ് പൊൻപാറയിൽനിന്ന് പുലിയെ പിടികൂടിയിരുന്നു എന്നതാണ് ഉപ്പുകുളത്തെ ജനങ്ങളിലെ ആശങ്ക വർധിപ്പിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.