ഒടുവിൽ പുലി വീട്ടുമുറ്റത്ത്: ഉറക്കം നഷ്ടപ്പെട്ട് അലനല്ലൂർ
text_fieldsഎടത്തനാട്ടുകര ആനകഴുത്തിൽ പുലിയെ കണ്ടതായി പറയുന്ന സ്ഥലം വനം വകുപ്പ് പരിശോധിക്കുന്നു
അലനല്ലൂർ: വന്യജീവി ശല്യം രൂക്ഷമായ തീരുവിഴാംകുന്നിൽ ഒടുവിൽ പുലി വീട്ടുമുറ്റത്തുമെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് അംബേദ്കർ കോളനിക്ക് സമീപത്തെ കളത്തിൽ സിദ്ദീഖിെൻറ വീടിനു മുന്നിലെ മതിലിനോട് ചേർന്ന് പുലിയെ കണ്ടത്. തിരുവിഴാംകുന്നിൽനിന്ന് അമ്പലപ്പറയിലേക്കുള്ള യാത്രാമധ്യേ കോട്ടകുന്ന് ഭാഗത്തുനിന്ന് അംബേദ്കർ കോളനിയിലേക്ക് പുലി റോഡ് മുറിച്ച് കടക്കുന്നതായി യുവാവിെൻറ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്നാണ് കോളനിവാസികൾ ആളൊഴിഞ്ഞ വീട്ടിൽ പുലിയെ കണ്ടത്. ഇവരെ കണ്ടതോടെ പുലി സമീപത്തുള്ള റബർ തോട്ടം വഴി തിരുവിഴാംകുന്ന് റോഡരികിൽ താമസിക്കുന്ന കളത്തിൽ സിദ്ദീഖിെൻറ വീടിെൻറ മതിലിനോട് ചേർന്ന് നിലയുറപ്പിക്കുകയായിരുന്നു. ബഹളംവെച്ച് വീടിനു സമീപത്തുനിന്ന് അകറ്റാൻ ശ്രമിച്ചതോടെ പുലി ആളുകളുടെ നേരെ ചീറി അടുത്ത് സമീപത്തെ തെങ്ങ് വളപ്പിലേക്ക് ഓടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി വീടുകളുള്ള ഇരട്ടവാരിയിൽ വീട്ടുപടിക്കൽ പുലിയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശം ബുധനാഴ്ച ഉച്ചയോടെ വനപാലകർ സന്ദർശിച്ചു. അതേസമയം, തിരുവിഴാംകുന്ന് മേഖലയിൽ പുലിയെ കാണുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം കന്നുകാലി ഗവേഷണ കേന്ദ്രത്തിനകത്തുനിന്ന് യുവാക്കൾ പുലിയെ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ, പുലിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഫാമിനകത്ത് കാട് പന്തലിച്ചത് വന്യജീവി വിഹാരത്തിന് അനുഗ്രഹമാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാർ കാടുവെട്ടാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എടത്തനാട്ടുകര കോട്ടപ്പള്ള-കാപ്പുപറമ്പ് റോഡിൽ ആനകഴുത്തിന് സമീപം ചൊവാഴ്ച രാത്രി 9.15ഒാടെ ബൈക്ക് യാത്രികൻ പുലിയെ കണ്ടതായി അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ വനം വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) വി. ജയകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.കെ. മുഹമ്മദ് സിദ്ദീഖ്, പഞ്ചായത്ത് അംഗം പി.പി. സജ്ന സത്താർ എന്നിവർ സംബന്ധിച്ചു. പുലിയുടെ കാൽപാടുകൾ കണ്ടെത്തിയ പ്രദേശത്ത് കാമറകൾ സ്ഥാപിക്കുമെന്ന് െഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ വാർഡ് മെംബർ പി.പി. സജ്ന സത്താറിന് ഉറപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.