ഉപ്പുകുളം വിടാതെ കടുവ; വീണ്ടും വന്യമൃഗത്തെ കണ്ടതായി ടാപ്പിങ് തൊഴിലാളി
text_fieldsഅലനല്ലൂർ: കടുവ ഭീതി വിട്ടൊഴിയാതെ ഉപ്പുകുളം. വീണ്ടും വന്യമൃഗത്തെ കണ്ടതായി ടാപ്പിങ് തൊഴിലാളി. ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെ ഉപ്പുകുളം എൻ.എസ്.എസ് എസ്റ്റേറ്റിൽനിന്ന് ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെന്ന് തോന്നിപ്പിക്കുന്ന വന്യമൃഗത്തെ കണ്ടതായി പറയുന്നത്. റബർ ടാപ്പ് ചെയ്യുന്നതിനിടെ കടുവക്ക് സമാനമായ മൃഗത്തെ കണ്ടെന്നും ഭയന്ന് നിശ്ചലനായി നിൽക്കുകയായിരുന്നെന്നും മുകുന്ദൻ പറഞ്ഞു. ഉടൻ മൃഗം സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. തവിട്ട് നിറവും കറുത്ത വരകളുമാണ് ശരീരത്തിൽ ഉള്ളതെന്ന് മുകുന്ദൻ പറയുന്നു. മൃഗത്തിെൻറ കാൽപാടുകൾ സമീപത്ത് കണ്ടെത്തി.
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊൻപാറയിലെ ഫോറസ്റ്റ് ഓഫിസിൽനിന്ന് വനപാലകരെത്തി പരിശോധന നടത്തി. ശനിയാഴ്ച കടുവയുടെ ആക്രമണം ഉണ്ടായ കോട്ടമലയിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ വീണ്ടും കണ്ടതായി പറയുന്നത്.
ഇതോടെ പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളും പ്രദേശവാസികളും ഭീതിയിലാണ്. ചാലിശ്ശേരി റബർ തോട്ടത്തിൽ വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കെണി സ്ഥാപിക്കുമെന്നും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.