അമ്പലപ്പാറയിൽ കാട്ടാന ആക്രമണം: കർഷകന് ഗുരുതര പരിക്ക്, മുതുകിന് കുത്തേറ്റു; വാരിയെല്ല് ഒടിഞ്ഞു
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ഗുരുതര പരിക്ക്. അമ്പലപ്പാറ സ്വദേശി ഏറാടന്‍ വീട്ടില്‍ സിദ്ദീഖിനാണ് (60) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. കാക്കാംപാറയിലുള്ള വാഴത്തേട്ടത്തില്‍ രാത്രി കാവല്‍ കഴിഞ്ഞ് മകന് സൈനുൽ ആബിദീനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് പരിക്കേറ്റത്. പൊടുന്നനെ മുന്നിലെത്തിയ ആനയെ കണ്ട് ഇരുവരും ഓടിയെങ്കിലും സിദ്ദീഖിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. മുതുകിനാണ് കുത്തേറ്റത്.
വാരിയെല്ലൊടിഞ്ഞിട്ടുണ്ട്. വാഹനം എത്തിപ്പെടാന്‍ പ്രയാസമുള്ള കാക്കാംപാറയിലേക്ക് പ്രദേശവാസിയായ സി.കെ. കുഞ്ഞയമു ജീപ്പിലെത്തി സിദ്ദീഖിനെ കോട്ടക്കുന്നിലെത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലന്‍സിൽ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കായി വനംവകുപ്പ് 10,000 രൂപ അടിയന്തര ധനസഹായം അനുവദിച്ചു.
കാട്ടാനശല്ല്യം അതിരൂക്ഷമായ ഇടമാണ് തിരുവിഴാംകുന്ന് മേഖല. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നാള്‍ക്കുനാള്‍ പ്രശ്നം സങ്കീര്‍ണമാവുകയാണ്. കഴിഞ്ഞ മാസം നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പ് ഓഫിസ് ഉപരോധിക്കുകയും തുടര്‍ന്ന് ശല്ല്യക്കാരായ ഒരു കൂട്ടം ആനകളെ വനംവകുപ്പ് സൈലന്റ് വാലി ഉള്‍വനത്തിലേക്ക് തുരത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന വിളയാട്ടമുണ്ടായി.
സമീപകാലത്തായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വനയോര കര്‍ഷകര്‍ നേരിട്ടത്. ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച നിരവധി കര്‍ഷകരുടെ വാഴകൃഷി കാട്ടാനക്കൂട്ടം നിലംപരിശാക്കിയിരുന്നു. കൃഷിനാശത്തിന് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരത്തിനാകട്ടെ കാലങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടുണ്ട്. ഇതിനിടെ മനുഷ്യന് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിനെ എന്‍. ഷംസുദ്ദീന് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റ, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ജനപ്രതിനിധികൾ, വനപാലകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ഫോറസ്റ്റ് ഔട്ട് പോസ്റ്റിനെതിരെ നാട്ടുകാർ
അലനല്ലൂർ: അമ്പലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗരുതര പരിക്കേറ്റ സംഭവത്തിൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റിനെതിരെ നാട്ടുകാർ. ഔട്ട്പോസ്റ്റില്‍ നിന്ന് ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കാട്ടാന ആക്രമണമോ മറ്റു വന്യജീവി പ്രശ്നങ്ങളോ ഉണ്ടായാല്‍ അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റില്‍ നിന്നു സേവനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണാര്‍ക്കാട്ടുനിന്നു ആര്.ആര്.ടിയോ കച്ചേരിപ്പറമ്പിലെ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നോ സാമൂഹിക വനവത്കരണ വിഭാഗത്തില്‍നിന്നോ വനപാലകരോ എത്തിയാലേ സഹായം ലഭ്യമാകൂവെന്ന സ്ഥിതിയാണ്.
ജനങ്ങളുടെ ജീവനോ സ്വത്തിനോ ഹാനിയുണ്ടാകുന്ന തരത്തിലെന്തെങ്കിലും സംഭവിക്കുമ്പോള്‍ ഔട്ട് പോസ്റ്റിലെ വനപാലകരില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാകുന്നതെന്നും എന്നാല്‍ മരംമുറിയോ അളവ് സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായാല്‍ ഓടിപ്പാഞ്ഞ് വരുന്ന പ്രവണതയാണ് അവരുടേതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.