അമ്പലപ്പാറ ജനവാസ മേഖലയിൽ കാട്ടാന
text_fieldsഅലനല്ലൂർ: അമ്പലപ്പാറ ജനവാസ മേഖലകളിൽ കാട്ടാനശല്യത്തെ തുടർന്ന് ജനം ഭീതിയിൽ. ചിലരുടെ വീടുകളുടെ ചുമർ കുത്തിപ്പൊളിച്ചിട്ട നിലയിലാണ്. വാഷിങ് മെഷീൻ, പ്ലാസ്റ്റിക്ക് കുടിവെള്ള ടാങ്ക് എന്നിവ ചവിട്ടിപ്പൊട്ടിക്കുകയും മതിൽ തകർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മേഖലയിൽ വ്യാപക കൃഷിനാശവും വരുത്തിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചക്ക് ശേഷം ആന അമ്പലപ്പാറയിൽ നിലയുറപ്പിച്ചപ്പോൾ രാത്രിസമയം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്തതിനാൽ പലരും അകലെയുള്ള ബന്ധുവീടുകളിൽ അഭയം തേടുകയായിരുന്നു.
മമ്മുട്ടി വട്ടത്തൊടി, വെള്ളാരംപാറ ചന്ദ്രൻ, കാഞ്ഞിരോടൻ ഹംസ, ചേർക്കയിൽ ഹംസ, ഏറാടൻ സിദ്ദീഖ്, ചേർക്കയിൽ ഉമ്മർ, പുത്തോത്ത് ജോയി, പാറോക്കോട് സുധീർ, ചേർക്കയിൽ ശാഫി, തയ്യിൽ സിദ്ദീഖ്, പി.എ. മുനീബ്, ഇരട്ടവാരിയിലെ പടിഞ്ഞാറൻ മുഹമ്മദാലി, കള്ളിയേങ്ങൽ ഇബ്രാഹീം എന്നിവരുടെ വീട്ടുവളപ്പിലൂടെയാണ് ആന കയറിയിറങ്ങി നാശം വരുത്തിയത്. പുലർച്ചെ പള്ളി, ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്നവരും മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളും ടാപ്പിങ് തൊഴിലാളികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
പകൽ സമയത്ത് വെള്ളിയാർ പുഴക്കരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ആന തമ്പടിക്കുന്നത്. ചക്ക കാരണമാണ് ആനകൾ നാട്ടിലേക്ക് നിത്യവും ഇറങ്ങാനുള്ള കാരണമായി അധികൃതർ പറയുന്നത്. വനം വകുപ്പ് ജീവനക്കാരെ അറിയിച്ചെങ്കിലും അവർ സ്ഥലം സന്ദർശിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.