തിരുവിഴാംകുന്നിൽ കാട്ടാനകളുടെ താണ്ഡവം; രാത്രിയിൽ പുറത്തിറങ്ങാൻ ഭയമെന്ന് നാട്ടുകാർ
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്നിൽ മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് അറുതിയായില്ല. ഞായറാഴ്ച പുലർച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകൾ നശിപ്പിച്ചു.
പൂളമണ്ണ മുകുന്ദെൻറ വെട്ടാറായ 300 വാഴകളാണ് നശിപ്പിച്ചത്. 1000 വാഴകൾ നട്ടതിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 600ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചതെന്നും വായ്പക്ക് സ്ഥലം പാട്ടത്തിനെടുത്ത് ഇറക്കിയ കൃഷി നശിച്ചതോടെ തിരിച്ചടവിന് കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും മുകുന്ദൻ പറഞ്ഞു.
കോരംകോട്ടിൽ കൃഷ്ണെൻറ വാഴകളും ചെലക്കട്ടിൽ ജയരാജെൻറ 50 സെൻറ് സ്ഥലത്തെ പുൽകൃഷി, തെങ്ങ് എന്നിവയും തൂവശീരി കുഞ്ഞാൻ, മാടാംപാറ ഹൈദ്രു എന്നിവരുടെ കവുങ്ങുകളും മാടാംപാറ മുഹമ്മദ് മുസ്ലിയാരുടെ വാഴ, കവുങ്ങ് എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചിരുന്നു.
ആനകളെ പേടിച്ച് രാത്രിയിൽ അത്യാവശ്യകാര്യങ്ങൾക്കു പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് തടയാൻ ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് തയാറാകണമെന്നും കർഷകർക്ക് നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലും പരിസരത്തും കാളംപുള്ളി പ്രദേശത്തുമായി പത്തോളം കാട്ടനാകളാണ് സ്ഥിരമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.