കൃഷിനാശം വിതച്ച് താണ്ഡവമാടിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി
text_fieldsഅലനല്ലൂർ: ഏതാനും ദിവസങ്ങളായി കോട്ടോപ്പാടം പഞ്ചായത്തിലെ വനയോര പ്രദേശങ്ങളില്‍ കൃഷിനാശം വിതച്ച് ഭീതിപരത്തിയ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് കാടുകയറ്റി. കുട്ടിയാനയുള്പ്പെടുന്ന 11 കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്.
കഴിഞ്ഞ ദിവസം കച്ചേരിപ്പറമ്പ് ജനവാസ മേഖലയോട് ചേര്‍ന്ന കൊറ്റിയോട് പാടശേഖരത്ത് നൂറുകണക്കിന് കുലച്ച വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. പൂളക്കുന്ന്, മുട്ടിപ്പാറ, നെല്ലിക്കുന്ന്, മണ്ണാത്തിപ്പാടം, ചെമ്മേരി, കോട്ടോനി, കമ്പിപ്പാറ തുടങ്ങിയ ഭാഗങ്ങളിലും കാട്ടാനകള്‍ കൃഷി നശിപ്പിച്ചിരുന്നു.
മൂന്ന് ദിവസമായി കാട്ടാനകൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരുകയായിരുന്നു. ചൊവ്വാഴ്ച ചേമ്മേരി ഭാഗത്തുനിന്നാണ് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. ശശികുമാറിെൻറ നേതൃത്വത്തിലുള്ള വനപാലക സംഘവും ആര്.ആര്.ടി അംഗങ്ങളും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ സൈലൻറ്വാലി വനമേഖലയിലേക്ക് തുരത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച ദൗത്യം വൈകീട്ട് മൂന്നേകാലോടെയാണ് അവസാനിച്ചത്. വന്യജീവി ആക്രമണം മൂലം വനയോര മേഖലയില്‍ കൃഷി നടത്താനാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. ഇതിന് ശാശ്വതമായ പരിഹാരം കാണാനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.