വന്യജീവി ആക്രമണം പതിവ്; വനംവകുപ്പിന് അലസതയെന്ന്
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര കാപ്പുപറമ്പിൽ തെരുവുനായെ വന്യജീവി കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കാപ്പുപറമ്പ് മില്ലുംപടിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് നായുടെ പകുതി ഭാഗം ഭക്ഷിച്ച നിലയിൽ കാണപ്പെട്ടത്.
അതേസമയം, കാപ്പുപറമ്പിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ വന്യജീവി ആക്രമണം പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയിൽ സമീപ പ്രദേശമായ അമ്പലപ്പാറ താണിക്കുന്നിലെ ചേലോക്കോടൻ മുഹമ്മദാലിയുടെ വളർത്തുനായെ രാത്രിയിലെത്തിയ വന്യജീവി കൊന്ന് ഭക്ഷിച്ചിരുന്നു.
പ്രദേശത്ത് ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരത്തിൽ വന്യജീവി ആക്രമണം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വന്യജീവി ആക്രമണം തുടർക്കഥയാകുമ്പോഴും വനംവകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. വന്യജീവി ആക്രമണം ഉണ്ടാകുന്ന ഇടം സന്ദർശിക്കുന്നതിനപ്പുറം വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനവാസം ഏറെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് എന്നതാണ് ഭീതി വർധിപ്പിക്കുന്നത്. പലയിടങ്ങളിലായി ടാപ്പിങ് തൊഴിലാളികളും മറ്റും പുലിയെ കണ്ടതായി പറയുന്നുണ്ട്.
കോട്ടോപ്പാടം പൂളമണ്ണയിലെ കോലോത്തൊടി ഇസ്ഹാഖിെൻറ വീട്ടിലെ സി.സി.ടി.വിയിൽ പുലിയുടേതെന്ന് തോന്നിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇത് വനംവകുപ്പ് ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. വനംവകുപ്പ് മെല്ലപ്പോക്ക് നയം വെടിയണമെന്നും പ്രദേശത്തെ ജനങ്ങളിലാകമാനം ഭീതി നിറച്ച് വിഹരിക്കുന്ന വന്യജീവിയെ പിടികൂടാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.