വന്യജീവി സാന്നിധ്യമുള്ള ഉപ്പുകുളത്ത് കെണിക്കൂട് സ്ഥാപിച്ചു
text_fieldsഅലനല്ലൂർ: കഴിഞ്ഞ ഒരുമാസത്തിലധികമായി വന്യജീവികളുടെ നിരന്തര സാന്നിധ്യമുള്ള ഉപ്പുകുളത്ത് ഒടുവിൽ വനംവകുപ്പ് കെണി സ്ഥാപിച്ചു. അവസാനമായി രണ്ടുതവണയായി പുലിയെ കണ്ടതായി പറയുന്ന പിലാച്ചോല ഇടമലയുടെ താഴെ ഭാഗത്തായി സ്വകാര്യ റബർ തോട്ടത്തിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കെണി സ്ഥാപിച്ചത്. നാലുഭാഗവും മൂടപ്പെട്ട രീതിയിലുള്ള കൂടാണ് സ്ഥാപിച്ചത്.
കൂടിനകത്ത് നായെ ഇരയായി കെട്ടി. ഒരുമാസത്തിലധികമായി വന്യജീവി വിഹാരത്തിൽ ഭീതിയിലാണ് മലയോര പ്രദേശമായ ഉപ്പുകുളം നിവാസികൾ. വന്യജീവികളെത്തി വളർത്തുമൃഗങ്ങളെ ഇരയാക്കുന്നത് പതിവായ പ്രദേശത്ത് ജൂലൈ മൂന്നിനാണ് ടാപ്പിങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അടുത്ത ദിവസങ്ങളിൽ രണ്ടിടങ്ങളിലായി മറ്റു ടാപ്പിങ് തൊഴിലാളികൾ കടുവയെ കാണുകയും എട്ട് ഇടങ്ങളിൽ പ്രദേശവാസികൾ കാണുകയും ചെയ്തു. ഇതോടെയാണ് കൂട് സ്ഥാപിച്ച് വന്യജീവിയെ പിടികൂടണമെന്ന ആവശ്യം ഉയർന്നത്. വനംവകുപ്പ് കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും വന്യജീവി സാന്നിധ്യം കണ്ടെത്താനായില്ല.
കൂട് സ്ഥാപിക്കാൻ വനംവകുപ്പ് കൂട്ടാക്കാതിരുന്നത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കുകയും ഉപ്പുകുളം പൗരസമിതി പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് മന്ത്രി, എം.പി, എം.എല്‍.എ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും എം.എൽ.എയുടെ സാന്നിധ്യത്തിൽ വനം മന്ത്രിയെ നേരിൽ കണ്ട് പൗരസമിതി അംഗങ്ങൾ അവശ്യമറിയിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ നടപടിയുണ്ടായത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം. ശശികുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ ഗ്രേഡ് യു. ജയകൃഷ്ണന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. അനീഷ്, ഫോറസ്റ്റ് വാച്ചര്‍മാരായ പി. അബ്ദു, ഷിഹാബുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. വാര്‍ഡ് മെംബര്‍ ബഷീര്‍ പടുകുണ്ടില്‍, ഉപ്പുകുളം പൗരസമിതി ഭാരവാഹികളായ മഠത്തൊടി അബൂബക്കര്‍, ടി.പി. ഫക്രുദ്ദീന്‍, പത്മജന് മുണ്ടഞ്ചേരി, അയ്യപ്പന് കുറുവപാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.