മില്ലിന് പ്രായം 17; പ്രവർത്തനം സീറോ...
text_fieldsആലത്തൂരിലെ സർക്കാർ അരി മില്ല് (ഫയൽ ചിത്രം)
ആലത്തൂർ: കർഷകർക്ക് ഏറെ പ്രയോജനപ്പെടുമായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആലത്തൂരിലെ ആധുനിക അരി മില്ല് പണിതീർത്ത കാലത്തേയും ഇപ്പോഴത്തെയുമവസ്ഥ. പല സമയത്തായി പ്രവർത്തിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും 17 വർഷമായിട്ടും മില്ല് തുറക്കുന്ന കാര്യം എവിടെയുമെത്തിയില്ല. വെയർഹൗസ് കോർപറേഷന്റെ കീഴിലാണ് മില്ല് നിർമിച്ചിട്ടുള്ളത്.
കെട്ടിടം നിർമിക്കുന്നതിലും മെഷനറി വാങ്ങുന്നതിലും മാത്രമാണ് അധികൃതർക്ക് താൽപ്പര്യമുണ്ടായത്. പ്രവർത്തിപ്പിക്കാൻ പ്രായോഗിക സമീപനം സ്വീകരിക്കാൻ ആർക്കും താൽപര്യം കാണുന്നില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ആധുനിക അരിമില്ലാണ് ആലത്തൂരിലേത്.
1999ൽ നിർമാണം തുടങ്ങിയ മില്ല് 2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് കോടിയോളം രൂപ അന്ന് ചെലവഴിച്ച മില്ലാണ് പ്രവർത്തനമില്ലാതെ അടഞ്ഞുകിടക്കുന്നത്. പാലക്കാട്-ആലത്തൂർ, ആലപ്പുഴ-തകഴി, കോട്ടയം-വെച്ചൂർ എന്നിവിടങ്ങളിൽ മില്ല് നിർമിക്കാനാണ് 1999ൽ സർക്കാർ തീരുമാനിച്ചത്. അതിനായി അന്ന് 556 ലക്ഷം രൂപയും വകയിരുത്തി.
എന്നാൽ ആലത്തൂരിലെ മില്ല് മാത്രമാണ് നിർമാണം പൂർത്തിയാക്കിയത്. ആലത്തൂർ മില്ലിന് തുടക്കത്തിൽ എസ്റ്റിമേറ്റ് 126 ലക്ഷമായിരുന്നു. ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാൻ സംവിധാനമുള്ളതാണ് മില്ല്. ജപ്പാൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോഡേൺ റൈസ് മില്ലുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ ആലത്തൂർ മില്ലിൽ ജപ്പാൻ സാങ്കേതിക വിദ്യയോടൊപ്പം ചൈനീസ് സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയിട്ടുള്ളത്. നെല്ലിലെ മാലിന്യം നീക്കി പുഴുങ്ങുന്നതിന് മുമ്പ് കല്ല്, പതിര്, വൈക്കോൽ എന്നിവ നീക്കം ചെയ്യാനും അരി പാക്കറ്റുകളിൽ നിറക്കുന്നതിന് മുമ്പ് കറുത്തതും പൊടിഞ്ഞതും മാറ്റാനും സംവിധാനമുണ്ട്. നെല്ല് കുത്തിയെടുക്കുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലർ പ്രവർത്തിപ്പിക്കുകയും ബോയിലർ ഉൽപ്പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങാനും ഉണക്കാനും മില്ലിൽ സംവിധാനമുണ്ട്.
മാസത്തിൽ 12000 ടൺ നെല്ല് സംഭരിച്ച് അരിയാക്കാനുള്ള ശേഷി മില്ലിനുണ്ട്. മില്ല് പ്രവർത്തനക്ഷമമാക്കിയാൽ ജില്ലയിൽ സിവിൽ സപ്ലൈസ് താങ്ങുവിലക്ക് ശേഖരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി അവർക്കുതന്നെ നൽകാൻ കഴിയുമെന്നതിനാൽ അതിന്റെ കൂലി കൊണ്ട് മാത്രം മല്ല് പ്രവർത്തിപ്പിക്കാൻ കഴിയും. അതല്ലെങ്കിൽ കർഷകരിൽനിന്ന് നേരിട്ട് നെല്ല് വാങ്ങി അരിയാക്കി സംസ്ഥാനത്തെ വെയർഹൗസുകളിലൂടെ വിൽപനകേന്ദ്രം തുടങ്ങി സബ്സിഡി നിരക്കിൽ വിൽപന നടത്താനും കഴിയും.
ഒരു കൊയ്ത്ത് സീസണിലെ നെല്ല് നേരിട്ട് വാങ്ങാൻ ആവശ്യമായ പണം വെയർഹൗസ് കോർപറേഷന് സർക്കാർ നൽകണം. കോടികൾ ചെലവഴിച്ച് മില്ല് നിർമിച്ചശേഷം പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ടിരിക്കുന്നതിൽ കർഷകർക്ക് കടുത്ത പ്രതിഷേധമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.