അമൃത് പദ്ധതി: പാഴായ തുക കൗൺസിൽ അംഗങ്ങളിൽനിന്ന് ഈടാക്കാൻ ശിപാർശ
text_fieldsപാലക്കാട്: കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അമൃത് പദ്ധതിയിൽ ആസൂത്രണത്തിലുണ്ടായ വീഴ്ചയെ തുടർന്ന് മൂന്ന് പദ്ധതികളുടെ പ്രവർത്തന നിർവഹണം തടസ്സപ്പെട്ടതോടെ നഷ്ടമുണ്ടായ തുക കൗൺസിൽ അംഗങ്ങളിൽനിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ അമൃത് സംസ്ഥാന മിഷൻ ശിപാർശ.
വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യാതെ ബഹളത്തിൽ പിരിഞ്ഞു. 2020-21ൽ മൂന്ന് പദ്ധതികളിലായി മഴവെള്ളച്ചാൽ നിർമാണത്തിന് ടെൻഡർ പൂർത്തിയായിട്ടും സ്ഥലമേറ്റെടുക്കുന്നതിലെ വീഴ്ചമൂലം പദ്ധതി പാതിവഴിയിൽ നിലക്കുകയായിരുന്നു.
നഗരസഭ യോഗമാരംഭിച്ചതും പ്രതിപക്ഷ കക്ഷികളിലെ കൗൺസിലർമാർ വിഷയമുന്നയിച്ച് പ്രതിഷേധമറിയിച്ചു. ഇതിനിടെ നഗരസഭയിലെ 23 കൗൺസിലർമാരുടെ പ്ലാൻ ഫണ്ട് പാഴായതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ഒരുവിഭാഗം കൗൺസിലർമാർ രംഗത്തെത്തിയതോടെ യോഗത്തിൽ ഒച്ചപ്പാടുണ്ടായി.
അഴിമതിക്കാരെ ഒപ്പം നിർത്തി അഴിമതി നടത്തുന്നവരാണ് പ്രതിപക്ഷ പാർട്ടികളെന്ന് വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് ആരോപിച്ചു. യു.ഡി.എഫിലെ ഒരു കൗൺസിലർ മൊബൈൽ ഫോൺ സ്ഥാപനം തുടങ്ങാൻ ലൈസൻസെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്നുവെന്നും ഇത് അഴിമതിയാണെന്നും ഇ. കൃഷ്ണദാസ് ആരോപിച്ചു.
എന്നാൽ, സ്റ്റേഡിയം ബസാർ എന്നപേരിൽ വിളിച്ച ടെൻഡറിൽ പെങ്കടുത്ത് ലൈസൻസ് നേടിയ താൻ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് അംഗം മൻസൂർ യോഗത്തിൽ പറഞ്ഞു.
റോഡും വെള്ളവും വെല്ലുവിളിയും
പരസ്പരാരോപണങ്ങളും വെല്ലുവിളികളുമായി കൗൺസിൽ യോഗം തടസ്സപ്പെടുകയായിരുന്നു. അമൃത് പദ്ധതിയിലെ വീഴ്ചയിൽ കൗൺസിലർമാരിൽനിന്ന് പിഴയീടാക്കാനുള്ള സംസ്ഥാന മിഷൻ ശിപാർശമുതൽ പൊട്ടിപ്പൊളിഞ്ഞ റോഡും തടസ്സപ്പെട്ട കുടിവെള്ളവും ൈകയേറ്റവുമടക്കം ആരോപണങ്ങൾ യോഗത്തെ ശബ്ദമുഖരിതമാക്കി.
നഗരസഭ പരിധിയിൽ പൊതുഇടങ്ങളിലടക്കം ൈകയേറ്റം വ്യാപകമാണെന്നും കൗൺസിലർമാരിൽ പലർക്കും ഇതുമായി ബന്ധമുണ്ടെന്നും ഭരണപ്രതിപക്ഷ അംഗങ്ങൾക്കിടയിൽ ആരോപണമുയർന്നു. നടപടിയെടുക്കാനും തെളിയിക്കാനുമുള്ള വെല്ലുവിളികൾക്കിടെ കുടിവെള്ളപ്രശ്നവും പൊട്ടിപ്പൊളിഞ്ഞ റോഡും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്ലക്കാർഡുയർത്തി. ഉദ്യോഗസ്ഥരും സർക്കാറും നഗരസഭയിലെ ബി.ജെ.പി ഭരണത്തെ തകർക്കാൻ ഗൂഢാേലാചന നടത്തുകയാണെന്നും പല പദ്ധതികളും തടസ്സപ്പെടുകയാണെന്നും ഭരണകക്ഷി കൗൺസിലർമാർ ആരോപിച്ചു.
തുടർന്ന് കുടിവെള്ള പ്രശ്നം പരിഹരിച്ച് റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ചെയറിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടെ മുദ്രാവാക്യം വിളിയുമായി ബി.ജെ.പി കൗൺസിലർമാരുമെത്തിയതോടെ യോഗം ബഹളത്തിൽ കലാശിച്ചു. ഇതോടെ അജണ്ടകൾ പാസായെന്ന് പ്രഖ്യാപിച്ച് ചെയർപേഴ്സൻ േയാഗം പിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.