കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് 125 കോടിയുടെ അംഗീകാരം
text_fieldsആനക്കര: കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ 125 കോടിയുടെ അംഗീകാരം ലഭിച്ചു. കാലപ്പഴക്കമേറിയ കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുന്നതും മലപ്പുറം, പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് കാങ്കക്കടവ് പാലം.
റെഗുലേറ്റര്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയായതിനാല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുമുള്ള പ്രധാന സ്രോതസ്സ് എന്ന നിലയിലും ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. തൃത്താലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായും മാറും.
കരിയന്നൂര്‍-സൂശീലപ്പടി മേൽപാലത്തിന് 40 കോടിയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിന് നേതൃത്വം നല്കിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, കിഫ്ബിയുടെയും കിഡ്കിന്റെയും ഉദ്യോഗസ്ഥര്‍ എന്നിവരോടും കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി എം.എല്‍.എ എം.ബി. രാജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.