തുള്ളിനീലവും കാപ്പിപ്പൊടിയുമുണ്ടെങ്കിൽ ഫൈസൽ മുഹമ്മദ് വരക്കും
text_fieldsവസ്ത്രങ്ങള്‍ക്ക് വെണ്മയേകുന്ന തുള്ളിനീലം, ആലസ്യത്തില്‍നിന്ന് ഉണരാന്‍ കാപ്പി... എന്നാല്‍, ഇവ രണ്ടും ചേര്‍ന്നാല്‍ മനോഹരമായ ഛായാചിത്രങ്ങളും ഒരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഫൈസല്‍ മുഹമ്മദ്. രോഗത്തിെൻറ തീഷ്ണതയില്പെട്ട് മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്പാലത്തിലൂടെ സഞ്ചരിച്ച നിമിഷങ്ങളിലും ഫൈസല്‍ മുഹമ്മദിന് മനക്കരുത്തേകിയത് താന്‍ ജീവനക്കാളേറെ സ്നേഹിക്കുന്ന ചിത്രരചനകളായിരുന്നു.
തുള്ളിനീലവും കാപ്പിപ്പൊടിയും ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ ജീവന് തുളുമ്പുന്ന ചിത്രം വരച്ചാണ് സമീപകാലത്ത് ഫൈസൽ മുഹമ്മദ് ജനപ്രിയനായത്. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പറക്കുളം സ്വദേശിയാണ് ഫൈസൽ മുഹമ്മദ്.
എട്ട് മണിക്കൂർ കൊണ്ട് 24x18 സൈസിലാണ് ഉജാലയും കാപ്പിയും ഉപയോഗിച്ചുള്ള രണ്ട് വ്യത്യസ്ത രീതിയിലുള്ള ഗാന്ധി ചിത്രങ്ങൾ ഒരുക്കിയത്. സ്കൂൾ പഠനകാലത്ത് നിരവധി മത്സരങ്ങളിൽ സമ്മാനം വാങ്ങിക്കൂട്ടിയും ഇതിനകം അഞ്ഞൂറിലധികം ചെറുതും വലുതുമായ ചിത്രങ്ങൾ വരച്ചുമാണ് തെൻറ സ്വപ്നങ്ങൾക്ക് നിറവും വെളിച്ചവും പകരുന്നത്.
കളർ പെൻസിൽ തന്നെയാണ് പ്രധാനമായും വരക്കാനുപയോഗിക്കാറ്. ഫേസ്ബുക്കിലൂടെ പങ്കുെവച്ച ചിത്രങ്ങള്‍ കണ്ട് സിനിമാതാരങ്ങളായ ജയസൂര്യയും നാദിർഷയും ഇദ്ദേഹത്തെ വിളിച്ചു അഭിനന്ദിക്കുകയും അവരുടെ ചിത്രങ്ങള്‍ വരപ്പിച്ച് കൈമാറുകയുമുണ്ടായി.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പട്ടാമ്പി ശിൽപ ചിത്ര കോളജ് ഓഫ് ഫൈൻ ആട്സിൽ നിന്നാണ് ചിത്രകല അഭ്യസിച്ചത്. ഇപ്പോൾ ചിത്രരചന ക്ലാസുകളുമായി പടിഞ്ഞാറങ്ങാടിയിൽ ഡിസൈൻ ആട്സ് എന്ന സ്ഥാപനം നടത്തിവരുകയാണ്.
ബീറ്റ്റൂട്ട് നീര് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയതോടെ ഇദ്ദേഹത്തിെൻറ പ്രതിഭ തൊട്ടറിഞ്ഞ നാട്ടുകാർ രണ്ടുവർഷം മുമ്പ് ആദരിച്ചിരുന്നു. ചിത്രകലയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുകയാണ് ഫൈസൽ ഇപ്പോൾ. ഭാര്യ: റീനത്ത്. മക്കൾ: നിദാ ഫൈസൽ, സനാ ഫൈസൽ, മുഹമ്മദ് അയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.