ഇനിയില്ല; ഭാസ്കരന്റെ സ്നേഹ സ്പര്‍ശം
text_fieldsആനക്കര: കരുണയുടെ കരസ്പര്‍ശംകൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ഭാസ്കരൻ ഇനി ഓര്മ. കുമരനല്ലൂരിലെ കര്‍ഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരുവില്‍ പോയതോടെയാണ് രോഗീപരിചരണത്തിൽ വൈദഗ്ധ്യം നേടിയത്. ബംഗളൂരുവില്‍ ഒന്നര പതിറ്റാണ്ട് കാലം സ്വകാര്യ നഴ്സിങ് ഹോമില്‍ ഡോക്ടറുടെ സഹായിയായി ജോലിചെയ്തു. 1970കളുടെ തുടക്കത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ഭാസ്കരനോട് ജനപ്രിയ ഡോക്ടര്‍ കെ.പി. വേലായുധനാണ് നാട്ടിൽ രോഗീപരിചരണത്തിനിറങ്ങാൻ ഉപദേശിച്ചത്.
ഡോക്ടര്‍മാരും ക്ലിനിക്കുകളും വിരളമായിരുന്ന അക്കാലത്ത് ദൂരസ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ നിർദേശിക്കുന്ന ഇൻജക്ഷനുകളും മുറിവ് കെട്ടലും മറ്റു പരിചരണങ്ങളും കൃത്യതയോടെ ചെയ്തിരുന്നത് ഭാസ്കരനായിരുന്നു.
തന്റെ സൈക്കിളുമായി കപ്പൂര്‍, ആനക്കര, പട്ടിത്തറ, വട്ടംകുളം പഞ്ചായത്തുകളില്‍ എത്താത്ത വീടുകളും വഴികളും വിരളമാണ്. ആശുപത്രികളില്‍നിന്ന് മടക്കിയ പ്രതീക്ഷയറ്റ രോഗികള്‍ക്ക് തുടര്‍പരിചരണത്തിലൂടെ അദ്ദേഹം ആശ്വാസമേകി.
ഒറ്റ ദിവസംതന്നെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ രോഗികളെ പരിചരിക്കാനായി സൈക്കിള്‍ ചവിട്ടി അദ്ദേഹം എത്തിയിരുന്നു. ചാലിശ്ശേരി, പട്ടിത്തറ എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ വട്ടംകുളം, കുറ്റിപ്പാല, നീലിയാട്, പോട്ടൂര്‍, കാന്തളൂര്‍ ഭാഗങ്ങളിലും നിരവധി രോഗികൾ സൈക്കിളിലെത്തുന്ന ഭാസ്കരനെ കാത്തിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് സഞ്ചാരം ഓട്ടോയിലും മറ്റുമായി. ബന്ധുക്കൾക്ക് വിശ്രമം നല്കി അദ്ദേഹം രോഗിക്ക് കൂട്ടിരുന്ന എത്രയോ അനുഭവങ്ങള്‍ നാട്ടുകാര്‍ക്ക് പറയാനുണ്ട്.
പഞ്ചായത്ത് അംഗമായും പാലിയേറ്റിവ് വളന്റിയര്‍ ആയും പ്രവർത്തിച്ച ഭാസ്കരന് കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ സ്നേഹ സമ്മാനമായി കുമരനല്ലൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം സ്ഥലം വാങ്ങി വീട് നിർമിച്ച് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.