വ്യവസായങ്ങള്‍ കൈവിട്ടപ്പോഴും പതറാതെ ഉണ്ണി
text_fieldsആനക്കര: ഉപജീവനം കണ്ടെത്തിയിരുന്ന വ്യവസായ മാര്‍ഗങ്ങൾ ഒന്നൊന്നായി കൊട്ടിയടക്കപ്പെട്ടപ്പോൾ ഉണ്ണിയുടെ ജീവിതവും കോവിഡ് കാലത്ത് വഴിയറിയാതെ പകച്ചു. എന്നാൽ, അധികം താമസിയാതെ അദ്ദേഹം പുതിയ വഴി വെട്ടിത്തെളിച്ചു.
കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ കുണ്ടുകുളങ്ങര ഉണ്ണിയുടെ (67) ജീവിതമങ്ങനെയാണ്. തടസ്സങ്ങളെല്ലാം പിന്നിട്ട് മുന്നോട്ട് നീങ്ങിയ കഥകൾ.
വീടിനോട് ചേര്‍ന്നുതന്നെ പ്രവര്‍ത്തിച്ചിരുന്ന തീപ്പെട്ടി കമ്പനിയില്‍ തീപ്പെട്ടി കൊള്ളികൾ നിർമിച്ച് ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നു അടുത്ത കാലം വരെ ഉണ്ണിയുടെ ഉപജീവനം. വരുമാനത്തിനപ്പുറം നാട്ടുകാരില്‍ പലര്‍ക്കും സ്ഥിരമായി ജോലി ചെയ്യാനുള്ള ഒരവസരം എന്നനിലയില്‍ അടുത്തകാലം വരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ രംഗത്തുണ്ടായ പ്രതിസന്ധികേളാട് മല്ലടിച്ച് മടുത്തപ്പോൾ പകരം ഹോളോബ്രിക്സ് കട്ടകള്‍ നിർമിക്കുന്ന തൊഴിലാരംഭിച്ചു. എന്നാൽ, പൊടുന്നനെ വില്ലനായെത്തിയ കോവിഡിൽ അതും നിലച്ചു. ഇതരസംസ്ഥാനതൊഴിലാളികളായിരുന്നു കട്ടക്കമ്പനിയിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം തന്നെ നാടുകളിലേക്ക് മടങ്ങി. ഇതോടെ കട്ടക്കമ്പനിയുടെ പ്രവർത്തനം നിലച്ചു.
എന്നാൽ, വിട്ടുകൊടുക്കാൻ ഉണ്ണി തയാറായിരുന്നില്ല. മുമ്പ് ചെറിയ രീതിയില്‍ കൃഷികള്‍ നടത്തിവന്നിരുന്ന ഉണ്ണി അതുതന്നെ ഉപജീവനമാർഗമാക്കാൻ തീരുമാനിക്കുകയായിരുന്നു. വാഴ, കവുങ്ങ്, തെങ്ങിൻ തൈകള്‍, വെണ്ട, കുമ്പളം, മത്തൻ തുടങ്ങി എല്ലാം ഉണ്ണിയുടെ കൃഷിയിടത്തിലുണ്ട്. അതിനിടെയാണ് നിലക്കടല കൃഷിക്ക് തുടക്കം കുറിച്ചത്. ഇത് വിജയിക്കുന്നപക്ഷം സമീപത്തെ 20 സെൻററില്‍ മുഴുവന്‍ കടല കൃഷിചെയ്യാനുള്ള നീക്കത്തിലാണ് ഉണ്ണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.