കുട്ടികളുടെ തിരോധാനം; നാട് മുൾമുനയിലായി,കണ്ടെത്തിയത് മണിക്കൂറുകൾക്ക് ശേഷം
text_fieldsആനക്കര: തൃത്താല കപ്പൂരിൽനിന്ന് കാണാതായ നാലു കുട്ടികളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കപ്പൂർ പറക്കുളം സ്വദേശികളായ നാലു കുട്ടികളെയാണ് ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒന്നോടെ ആനക്കരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെയാകെ മുൾമുനയിലാക്കി കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്ത് നാല് ആണ്‍കുട്ടികളെ കാണാനില്ലെന്ന വാർത്ത പരന്നത്. 14 വയസ്സുള്ള ഇരട്ട സഹോദരങ്ങളെയും 12, ഒമ്പത് വയസ്സുള്ള കുട്ടികളെയുമാണ് കാണാതായത്. ഏതാനും മാസം മുമ്പാണ് കുട്ടികളുടെ കുടുംബം പ്രദേശത്ത് താമസമാക്കിയത്. വൈകുന്നേരം വീട്ടില്‍നിന്ന് കളിക്കാനായി പുറത്ത് പോയി ഏഴോടെ തിരിച്ചെത്താറുള്ള കുട്ടികൾ ചൊവ്വാഴ്ച സമയം ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്കി. പോലീസും നാട്ടുകാരും ബന്ധുക്കളും കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ആനക്കരയിലെ റോഡിലൂടെ കുറ്റിപ്പുറം ഭാഗത്തേക്ക് രാത്രി എട്ടിന് കുട്ടികള്‍ നടന്നുപോവുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ഈ മേഖലകൾ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവിൽ ആനക്കര ഹൈസ്കൂളിന് സമീപം കടയുടെ ടെറസിന് മുകളിൽനിന്ന് കുട്ടികളെ കണ്ടെത്തി. ഇവിടെ കിടന്നുറങ്ങുകയായിരുന്നു കുട്ടികൾ.
സ്ഥലപരിചയമില്ലാത്തതിനാല്‍ തിരിച്ചുവരാനുള്ള വഴിയറിയാതെ വിഷമിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. ഇരുട്ടായതോടെ അടുത്തു കണ്ട കെട്ടിടത്തിന് മുകളില്‍ കയറി വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി. കെട്ടിടത്തിന് ചുവടെ സംശയാസ്പദമായ രീതിയില്‍ ചെരിപ്പ് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇതിൽ ഒരു കുട്ടിയുടെ സൈക്കിൾ നന്നാക്കാൻ കൊടുത്തിരുന്നു. അത് വാങ്ങാൻ പോയെങ്കിലും കിട്ടാതെ വന്നതോടെ അണ്ണാൻകുഞ്ഞിനെ പിടിക്കാൻ പോയി. അതും കിട്ടിയില്ല. അങ്ങനെ കുറച്ചു ദൂരം നടക്കുകയായിരുന്നുവെന്നുമാണ് കുട്ടികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.