മുബാറക്കിന്റെ കാവല്‍; പെരുന്നാൾ പുഞ്ചിരി മായാതെ ഒരുമ്മയും മകനും
text_fieldsആനക്കര: ഒരു നാടിന്റെ പെരുന്നാൾ ആഘോഷം കണ്ണീർക്കയത്തിലാകാതെ കാക്കാനായതിന്റെ സന്തോഷത്തിലാണ് പുളിക്കൽ മുബാറക്. പുഴയിൽ കാൽ വഴുതിവീണ് ഒഴുക്കിൽ അകപ്പെട്ട രണ്ട് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായിരിക്കുകയാണ് കൂടല്ലൂർ കൂട്ടക്കടവ് സ്വദേശി പുളിക്കൽ മുബാറക്.
പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച നിള ആസ്വദിക്കാനെത്തിയ കൂടല്ലൂർ ജാറം പ്രദേശത്തെ ഉമ്മയും ഏഴ് വയസ്സുകാരൻ മകനുമാണ് രക്ഷപെട്ടവര്‍. നിർമാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററിന്റെ താഴ്ഭാഗത്ത് പുഴയിലിറങ്ങി കളിക്കുന്നതിനിടെ കുട്ടി കാൽ വഴുതി ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ഉമ്മയും പുഴയിലേക്ക് ചാടിയെങ്കിലും നീന്തൽ വശമില്ലാത്ത രണ്ടുപേരും ഒഴുക്കിൽപെടുകയായിരുന്നു. ഈ സമയം കുടുബസമേതം പുഴ കാണാനെത്തിയതായിരുന്നു മുബാറക്. കുട്ടിയെ പിടിക്കാനിറങ്ങിയ ഉമ്മക്ക് നീന്തൽ അറിയുമെന്നാണ് മുബാറക് ആദ്യം കരുതിയത്. എന്നാൽ, നീന്തൽ അറിയാതെ രണ്ടുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടതോടെ പുഴയിലേക്ക് എടുത്ത് ചാടി. ആദ്യം കുട്ടിയെയും പിന്നെ മാതാവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. പെരുന്നാൾ ദിനം ദുരന്തദിനം ആകാതിരിക്കാൻ ആത്മധൈര്യം കാണിച്ച മുബാറക്കിനെ നാട് മുഴുവൻ അഭിനന്ദിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിനന്ദിച്ചു. മുബാറക്കിനെ ഫോണിൽ വിളിച്ച അദ്ദേഹം സഹജീവി സ്നേഹത്തെയും ധീരതയെയും പ്രശംസിച്ചു. കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അസീസ് ആദരിച്ചു. ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സലിം, സ്വാലിഹ്, സി.കെ. സൈനുദ്ദീൻ, വാസു നായർ, ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, സമദ് പുളിക്കൽ, എം.വി. മുസ്തഫ, പി.പി. സെയ്ഫുദ്ദീൻ, പി. സൈതലവി, സിദ്ദീഖുൽ അക്ബർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.