വടക്കത്തെ അവസാന െപൺകരുത്തിനെയും കാലം ഏറ്റുവാങ്ങി
text_fieldsആനക്കര: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി. സുശീലാമ്മയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചെന്നൈയിലുള്ള മകള്‍ നന്ദിത വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ മകനുമൊത്ത് വീട്ടിലെത്തി. തുടര്‍ന്ന് മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. മൂന്നരയോടെ നന്ദിതയുടെ മകന് വാസുദേവന്‍, പിതൃസഹോദര പുത്രന് സത്യജിത്ത് മേയര്‍ എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീകൊളുത്തിയതോടെ വടക്കത്ത് അവശേഷിച്ചിരുന്ന പെണ്‍കരുത്തിനെ അഗ്നിനാളം ഏറ്റുവാങ്ങി.
വിയോഗവിവരം മറിഞ്ഞ് ബുധനാഴ്ച തന്നെ നാടിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിയത്. സംസ്ഥാന സര്‍ക്കാറിനും കലക്ടര്‍ക്കും വേണ്ടി ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന് റീത്ത് സമര്‍പ്പിച്ചു.
സ്പീക്കര്‍ എം.ബി. രാജേഷിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആര്. കുഞ്ഞുണ്ണി, പ്രതിപക്ഷ നേതാവിന് വേണ്ടി വി.ടി. ബല്‍റാം, ആനക്കര ഗോവിന്ദകൃഷ്ണ വായനശാലക്ക് വേണ്ടി വായനശാല ഭാരവാഹികള്‍, സി.പി.എം തൃത്താല ഏരിയ കമ്മിറ്റിക്ക് വേണ്ടി പി.എന്‍. മോഹനന്, സംസ്ഥാന കമ്മറ്റി അംഗം എം. ചന്ദ്രന്, പി.ഡി.പി തൃത്താല മണ്ഡലം കമ്മിറ്റി തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരും റീത്ത് സമര്‍പ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന സംസ്കാര ചടങ്ങില്‍ പി. മമ്മിക്കുട്ടി എം.എൽ.എ, വി.കെ. ശ്രീകണ്ഠന് എം.പി, ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പന്, കോണ്‍ഗ്രസ് നേതാവ് സി.വി. ബാലചന്ദ്രന്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റജീന ആനക്കര, പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീന് കളത്തില്‍ അടക്കം നിരവധി പേര് സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഇനിയില്ല, നിറപുഞ്ചിരിയുമായി വിപ്ലവ നക്ഷത്രം
ആനക്കര: നാടൊട്ടുക്കും സ്വാതന്ത്ര്യദിനം ആഘോഷിക്കുേമ്പാഴും ആ സമരചരിത്രത്തിെൻറ ഭാഗമായ ഒരു തറവാടും അതിലെ സമരനായകരും ഇനി പോരാട്ടവീര്യം പകരുന്ന സ്മരണകൾ. സമര പോരാട്ടങ്ങളുടെ ചരിത്രം തേടിയിറങ്ങുന്ന വിദ്യാർഥികള്‍ ഉള്‍പ്പടെ വലിയൊരു വിഭാഗത്തിന് സുശീലാമ്മയുടെ വിയോഗം തീരാനഷ്ടമാണ്. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ തറവാട്ടില്‍ എത്തുന്നവരെ പുഞ്ചിരിച്ച മുഖവും കൈയില്‍ സംഭാരവുമായി എതിരേല്ക്കുന്ന ആ അമ്മ ഇനി കാലത്തിെൻറ ഓര്‍മകളിൽ. ചരിത്രം തേടിയെത്തുന്നവര്ക്കിനി ആളനക്കമില്ലാത്ത നാലുകെട്ടും തറവാടും കണ്ട് സംതൃപ്തി കൊള്ളേണ്ടിവരും.
മകളും കുടുംബവും മദ്രാസിലാണ് താമസം. മാസത്തില്‍ രണ്ട് തവണയെങ്കിലും അമ്മയെ കാണാനെത്തുമായിരുന്നു. മകന് ഇന്ദുധരന്‍ ഫ്രാന്‍സിലാണ്. അസുഖ ബാധിതയാകുന്നതിന് മുമ്പ് ഈ മേഖലയിലെ പ്രധാന ക്ഷേത്ര കമ്മിറ്റികളുടെ എല്ലാം നേതൃസ്ഥാനത്ത് ഇവരുണ്ടായിരുന്നു. കോണ്‍ഗ്രസിെൻറ മിക്ക പരിപാടികളും ആരംഭിക്കുന്നതും തറവാട്ടില്‍ വെച്ചായിരുന്നു. തൃത്താല നിയോജക മണ്ഡലത്തിലെയും പൊന്നാനി പാര്‍ലമെൻറ് മണ്ഡലത്തിലെയും കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് ഈ അമ്മയുടെ അനുഗ്രഹത്തോടെയാണ്. മുന്‍ കാലത്ത് കോണ്‍ഗ്രസിെൻറ എല്ലാ പ്രധാന പരിപാടികളുടെയും നേതൃസ്ഥാനത്ത് ഇവരുണ്ടായിരുന്നു.
വിവാഹം ഉള്‍പ്പെടെ ഏത് ആവശ്യങ്ങള്‍ക്കും സഹായം തേടിവരുന്നവരെ െവറുംകൈയോടെ മടക്കി അയക്കുന്ന പ്രവണത സുശീലാമ്മക്കില്ലായിരുന്നു. വിജയ ദശമി നാളില്‍ അറിവിെൻറ ആദ്യക്ഷരം കുറിക്കാനും കുരുന്നുകളുമായി ആളുകള്‍ എത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.