വൃക്കകൾ തകരാറിൽ; മറിയക്കുട്ടി സഹായം തേടുന്നു
text_fieldsആനക്കര: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയും ഭര്‍ത്താവും കാരുണ്യം തേടുന്നു. കുമ്പിടി പുറമതില്‍ശ്ശേരി മാഞ്ചേരി വളപ്പില്‍ അബൂബക്കറിെൻറ ഭാര്യ മറിയക്കുട്ടിയാണ് (57) നാട്ടുകാരുടെ സഹായം തേടുന്നത്. മാസത്തില്‍ നാലുതവണ ഡയാലിസിസ് ചെയ്യാന്‍ പണം കണ്ടെത്താനാവാതെ വലയുകയാണിവര്‍. സുമനസ്സുകളുടെ സഹായത്തിലാണ് ഇതുവരെ കാര്യങ്ങള്‍ നീക്കിയിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ എത്തിയതോടെ സഹായങ്ങള്‍ നിലച്ചു.
ആനക്കര ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന മറിയക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്രത്തില്‍ പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്ക തകരാറിലാണെന്നറിഞ്ഞത്. തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഒരു വൃക്കക്കുള്ള ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് രണ്ടാമത്തെ വൃക്കയും തകരാറിലായത്. നേരത്തേ ചാലിശ്ശേരി സർക്കാര്‍ ആശുപത്രിയിലും പൊന്നാനി താലൂക്ക് ആശുപത്രിയിലുമാണ് ഡയാലിസിസ് നടത്തിയിരുന്നത്. കഴുത്തിലൂടെ ഡയാലിസിസ് ചെയ്യുന്ന സൗകര്യം പരിസരങ്ങളില്‍ ഇല്ലാത്തതിനാല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മാസത്തില്‍ നാലു തവണ ഡയാലിസിസ് ചെയ്യുന്നത്.
ഒരു തവണ 3500 രൂപയോളം ചെലവ് വരുന്നുണ്ട്. ഇതിന് പുറമെ മരുന്നിനും വേറെ പണം കണ്ടെത്തണം. യൂനിയന്‍ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് അബൂബക്കര്‍ ഹൃദ്രോഗിയാണ്. അബൂബക്കർ ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ഇവരുടെ സഹായത്തിനായി നാട്ടുകാർ കൂടല്ലൂര്‍ എസ്.ബി.ഐയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67368769561. ഐ.എഫ്.എസ്.സി: SBIN0070486. ഫോൺ: 8086573765.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.