കാളനും പുളിയിഞ്ചിക്കും പുത്തന്‍കലം തന്നെ വേണം
text_fieldsആനക്കര: ഓണസദ്യവട്ടങ്ങളില് കാളന് കുറുക്കിയെടുക്കാനും പുളിയിഞ്ചികറിയൊരുക്കാനും പുത്തന്‍കലം തന്നെ വേണം. പണ്ടുമുതലുള്ള പാചകരീതിയാണിത്. പുത്തന്‍ കലങ്ങള്‍ വിറക് അടുപ്പുകളില്‍ വച്ച് തയാറാക്കിയ വിഭവങ്ങള്‍ക്ക് ഒരു പ്രത്യേക രുചിയാണ്. ചോറും പണ്ട് അങ്ങനെയായിരുന്നെങ്കിലും പിന്നീട് മണ്ഇതര പാത്രങ്ങളിലേക്ക് വഴിമാറി. ഓണകാലമടുക്കെ കലങ്ങളുമായി ഇവ നിർമിക്കുന്നവര്‍ വീടുകള്‍തോറും കയറിയിറങ്ങി വിൽക്കും. പകരമായി അവര്‍ക്ക് ഓണവിഭവങ്ങളൊരുക്കാനുള്ളവയും പഴയ വസ്ത്രങ്ങളും നല്‍കിയിരുന്നു. പിന്നീട് പണമിടപാടിലെത്തി.
പുതിയവ വാങ്ങി ഉമിയിട്ട് കരിയിച്ച് ഒന്നുമയക്കി പുതുമണ്ണിന്റെ ഗന്ധം മാറ്റിയെടുക്കും. ഇപ്പോള്‍ വീടുകള്‍ കയറിയുള്ള കലം വിൽപന അപൂർവമായതോടെ കടകളിലും പാതയോരങ്ങളിലുമാണ് വിൽപന. കലങ്ങള്‍ക്ക് പുറമേ വിവിധതരം മണ്‍പാത്രങ്ങളും വിപണി കീഴടക്കിയിട്ടുണ്ട്. സ്വന്തമായി നിർമിക്കുന്നവരാണ് ഏറിയ പങ്കുമെങ്കിലും ഇപ്പോള്‍ കമ്പനികളില്‍ നിന്നും കൊണ്ടുവന്നും വിൽപനയുണ്ട്.
കലക്കാര്‍ക്ക് പുറകെ കയര്‍കൊണ്ട് നിർമിച്ച ഉറികളും തെരികകളുമായി അവ നിർമിക്കുന്ന വിഭാഗങ്ങളും എത്തും. ഇത്തരം ഉറികളിലും തെരികകളിലുമാണ് കലങ്ങള്‍ സൂക്ഷിക്കുക. കാലികള്‍ക്ക് ആവശ്യമായ വെടകളും മൂക്കുകയറുകളും തയാറാക്കി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.