നിറയുമോ കര്‍ഷക പത്തായം
text_fieldsആനക്കര: പുത്തന്‍ നെല്ല് കൊണ്ട് പത്തായവും അതിനൊപ്പം കര്ഷകമനവും നിറയേണ്ടുന്ന, കാര്‍ഷിക സമൃദ്ധിയെ വിളിച്ചോതുന്ന വീണ്ടുമൊരു ചിങ്ങമാസം. എന്നാല്‍ ഇത്തവണ ആധിയുടെ നിഴലില്‍ പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാനാണ് കര്‍ഷക കുടുംബത്തിന്റെ നിയോഗം. കര്‍ഷകദിനവും പുതുവര്‍ഷവും കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയേകാറുണ്ടങ്കിലും കാലാവസ്ഥയിലെ വ്യതിയാനം തകിടം മറിച്ചിരിക്കുകയാണ്. കാര്‍ഷിക വര്‍ഷമായ ചിങ്ങം പിറക്കുന്നതോടെ കര്ഷകന് വിളവെടുപ്പിന്റെ കാലമാണ്. മേടമാസത്തില്‍ തന്നെ പാട ശേഖരങ്ങളില്‍ വിളയിറക്കി കാത്തിരിക്കുന്ന കര്ഷകന് ചിങ്ങം വിളവെടുപ്പുത്സവമാണ്.
സമൃദ്ധിയുടെ വര്‍ഷമായി ചിങ്ങാരംഭത്തെ കണക്കാക്കുമ്പോള്‍ കാര്ഷികവര്ഷമായി മേടത്തേയും വിശേഷിപ്പിക്കുന്നു. കാര്‍ഷിക മേഖല ഇടവപ്പാതിയോടെ സജീവമാകുകയാണ് പതിവ്. വിളവെടുപ്പാരംഭം പൊന്‍ ചിങ്ങത്തിലും കര്‍ഷകന്റെ അദ്ധ്വാനവും ഞാറ്റു വേലകളും കാലവര്‍ഷവും ചേരുമ്പോള്‍ പച്ചയണിയുന്ന വയലേലകളില്‍ നെല്ലും നേന്ത്രവാഴകളും മറ്റു വിളകളും കൊണ്ട് സമ്പന്നമാകുന്നു.
മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്ത് പൊന്നു വിളയിച്ച കര്ഷകന് ആഹ്ലാദത്തിന്റെ നാളുകളാവും. എന്നാല്‍ ഇത്തവണ ഓണത്തിന് മുന്‍പ് വിളയിറക്കാന്‍ കഴിയാതെ ദുരിതത്തിലാണ് കര്‍ഷകര്‍. പ്രതീക്ഷയുടെ ഒരു കാര്‍ഷിക വര്‍ഷത്തിന്റെ വരവായ ചിങ്ങം ഒന്ന് കേരളമെങ്ങും കര്‍ഷകദിനമായി ആചരിച്ചു വരുന്നു. കര്‍ക്കിടകത്തോടെ വയലേലകളില്‍ നെല്കതിരാകുന്ന നെല്മണികള് ചിങ്ങമാസത്തില്‍ കര്‍ഷകന്റെ പത്തായം നിറക്കുന്നു. കഴിഞ്ഞ കാര്‍ഷിക വര്‍ഷം കാലാവസ്ഥ പല കൃഷിക്കും അനുകൂലമായിരുന്നുവെങ്കില്‍ ഇത്തവണ കാര്‍ഷിക കലണ്ടറുകള്‍ തെറ്റിയിരിക്കുകയാണ്. വേണ്ടത്ര മഴയില്ലാത്തതിനാല്‍ ഒന്നാം വിള ഇറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പല ഭാഗത്തും നടില്‍ നടത്താനായി തയ്യാറാക്കിയിട്ട പാടങ്ങള്‍ വരണ്ടു കിടക്കുകയാണ്. ഒന്നാം വിളക്കായി തയ്യാറാക്കിയ ഞാറ്റടി വെള്ളമില്ലാത്തതിനാല്‍ പറിച്ചു നടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൂടല്ലൂര്‍ മേഖലയിലുള്ള ഞാറ്റടികള്‍ 20 ദിവത്തിലേറെ മൂപ്പെത്തി. 27 മുപ്പിനെങ്കിലും പറിച്ചു നടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാറ്റിടികള് ഉഴുതുകളയേണ്ടിവരും.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പേര് എത്തിയിട്ടുണ്ട്. ഇതില്‍ ഏറെ പേരും നെല്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നതും നെല്ലറയുടെ നാടിന് പ്രതീക്ഷ ഏകുന്നുണ്ട്. എന്നാല്‍ ഇത്തവണ കാലാവസ്ഥ എങ്ങോട്ട് പോകുമെന്ന് അറിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. നെല്ലിനോടൊപ്പം വാഴയും പച്ചക്കറികളും മറ്റ് ഇടവിളകളും ധാരാളമായി കൃഷിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.