അര്‍ജുന്റെ ഓർമകളുമായി ഉദയന്റെ മണൽചിത്രം
text_fieldsആനക്കര: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മലയാളികളുടെ വേദനയായി മാറിയ അര്‍ജുന്റെ ഓർമയുമായി മണലില്‍ നിഴൽചിത്രമൊരുക്കി എടപ്പാള്‍ സ്വദേശി ഉദയന്‍ (45). ഗ്ലാസിന് ചുവട്ടില്‍ ലൈറ്റ് കത്തിച്ച് അതിന് മുകളില്‍ മണല്‍ ഉപയോഗിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ രൂപങ്ങൾ തെളിയിക്കുകയാണ് ചെയ്യുന്നത്. നിഴലും വെളിച്ചവും എന്ന രീതിയാണ് അവലംബിക്കുന്നത്.
അര്ജുന് ഷിരൂരിലെത്തുന്നതും വിശ്രമിക്കുന്നതും പിന്നീട് ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം പുഴയില്‍ പതിക്കുന്നതും രക്ഷാപ്രവര്‍ത്തനവും ഈശ്വർ മാല്‍പെ പുഴയുടെ അടിത്തട്ടില്‍ മുങ്ങിത്താഴുന്നതും എല്ലാം തെളിയുമ്പോള്‍ ഒരു സിനിമയുടെ ആവിഷ്കാരം പോലെ പ്രതിഫലിക്കുകയാണ്. ശേഷം ക്രെയിൻ വരുന്നതും വാഹനം പൊക്കിയെടുത്ത് മൃതദേഹം കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുപോകുന്നതുമടക്കം നേർകാഴ്ചയിലെന്നവണ്ണം പകര്‍ത്തുകയാണ്. മലയാള ചാനൽ അവതാരകന്റെ ശബ്ദശകലം പശ്ചാത്തലമാക്കിയാണ് ചിത്രീകരണം. ഇത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് ഏറ്റെടുത്തത്. നേരത്തെ പ്രളയ കാല അനുഭവങ്ങളും ഇത്തരത്തില്‍ ചിത്രീകരിച്ചിരുന്നു. ആറ് വര്‍ഷമായി മണല്‍ ഉപയോഗിച്ചുള്ള ചിത്രരചനയിലാണ് ഉദയന്‍. സിനിമയില്‍ കല മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.