അട്ടപ്പാടി മലയോര ബദൽ റോഡിന് വീണ്ടും ശ്രമം; എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
text_fieldsകാഞ്ഞിരപ്പുഴ: അട്ടപ്പാടി മലയോര ബദൽ റോഡിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി ഉേദ്യാഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റോഡ് നിർമിക്കുന്നതിനുള്ള സാധ്യത ആരായുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിശദ ചർച്ച നടത്തി.
കനത്ത മഴയിൽ അട്ടപ്പാടി ചുരം റോഡിൽ സ്ഥിരമായി മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അട്ടപ്പാടി ബദൽ റോഡുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയോട് അടുത്ത് ചിറക്കൽപടിയിൽ നിന്നും കാഞ്ഞിരം, പൂഞ്ചോല വഴി അട്ടപ്പാടിയിലെ കള്ളമല - ഗൂളിക്കടവ് എത്തുന്ന രീതിയിലാണ് അട്ടപ്പാടി ബദൽ റോഡ് വിഭാവനം ചെയ്തത്. റോഡ് യാഥാർഥ്യമാക്കുന്നതിന് മുൻ എം.എൽ.എ കെ.വി. വിജയദാസ് ശ്രമം നടത്തുകയും കാഞ്ഞിരപ്പുഴയിൽ ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് പലതവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീനും വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വനം വകുപ്പിെൻറ അനുമതി ലഭിക്കാത്തതുൾപ്പെടെ സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങ് തടിയായി.
ഇതെല്ലാം അതിജീവിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു. വനം, റവന്യൂ വകുപ്പ് അധികൃതരും ജനപ്രതിനിധികളും നിർദിഷ്ട പാതയുടെ വനത്തിലൂടെ കടന്നുപോകുന്ന 2.3 കിലോമീറ്റർ ദൂരം നേരിട്ടു സന്ദർശിച്ചു. തുടർന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഹാളിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ആനക്കട്ടിയിൽ നിന്നും ഗൂളിക്കടവ്- ചിറക്കൽപ്പടി പാതയിലൂടെ സഞ്ചരിച്ചാൽ 2.3 കി.മീ നിബിഡവനമാണ്. ദേശീയപാതയിലെത്തുന്നതിന് 43 കിലോമീറ്റർ ദൂരം കുറവു വരും. സമയവും ലാഭിക്കാനാവും.
125 പട്ടികവർഗ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരും. മലമ്പ്രദേശ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും യോഗത്തിൽ ചർച്ചയായി. നിയമവിധേയമായി ബദൽറോഡ് സാധ്യമാക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കില്ലെന്ന് സൈലൻറ് വാലി വൈൽഡ്ലൈഫ് വാർഡൻ എസ്. അരുൺ പറഞ്ഞു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതിമുരുകൻ, അഗളി പഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് പി. രാമമൂർത്തി, വൈസ് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം റെജിജോസ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി ടോമി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിദ്ധിഖ് ചേപ്പോടൻ, എൻ.പി. ഷാജൻ, രവി അടിയത്ത്, പി. ചിന്നക്കുട്ടൻ, കെ. രാജൻ, സണ്ണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.