കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം നവീകരണത്തിന് പച്ചക്കൊടി; ഭംഗിയേറും ഉദ്യാനക്കാഴ്ചകൾ
text_fieldsകാഞ്ഞിരപ്പുഴ: ഡാമിലെ ഉദ്യാനം രണ്ടാംഘട്ട നവീകരണം ഉടൻ ആരംഭിക്കും. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡാം പുനരധിവാസ അഭിവൃദ്ധി പദ്ധതി (ഡ്രിപ്പ്) രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 15 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. ഇതിനുള്ള അനുമതി ലഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ലഭ്യമാകുക.
ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം പാർക്കിങ് ഏരിയ വിപുലീകരിക്കും. കാലങ്ങളായി ടൂറിസ്റ്റുകളും കാഞ്ഞിരപ്പുഴ മേഖലയിലെ യാത്രക്കാരും നേരിടുന്ന പാർക്കിങ് പ്രശ്നങ്ങൾക്കും പരിഹാരമാകും. ചെക്ക് ഡാമിന് രണ്ടു വശങ്ങളിലും നടപ്പാത നിർമാണം, കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ഡാമിന്റെ താഴ്ഭാഗത്ത് ഇന്റർലോക്ക് റോഡ് നിർമാണം, കൺട്രോൾ റൂം നിർമാണം എന്നീ പ്രവൃത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. ആറുകോടി രൂപയുടെ കരാർ നടപടി പൂർത്തിയാക്കി.
കൂടാതെ രണ്ടാംഘട്ട നവീകരണത്തിൽ ഉൾപ്പെടുത്തി ഡാമിന്റെ താഴ്ഭാഗത്തുള്ള കോസ് വേക്ക് പകരം പുതിയ പാലം നിർമിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വികസനത്തിനായി മൂന്നു കോടി രൂപയും ഉൾപ്പെടുത്തി ഈ പ്രവൃത്തികളും ഉടൻ ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
നിർമാണം ഈ മാസം 10ന് രാവിലെ 10.30ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിക്കും. കാഞ്ഞിരപ്പുഴ കെ.പി.ഐ.പി ഓഫിസിന് മുൻവശത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.