ആനപ്പേടിയിൽ വീണ്ടും ആറങ്ങോട്ടുകുളമ്പ്
text_fieldsപാലക്കാട്: ആറങ്ങോട്ടുകുളമ്പിൽ വീണ്ടും കാട്ടാന എത്തിയതോടെ പ്രദേശം വീണ്ടും ഭീതിയിൽ. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണു കാട്ടാനകൾ വീണ്ടും ഇവിടെ കാട്ടാന ഭീതി പരത്തുന്നത്. കഴിഞ്ഞ ദിവസം പുലർച്ച വീട്ടുമുറ്റത്തെത്തിയ കാട്ടാന മനോഹരെൻറ വീട്ടിലെ തെങ്ങും മറ്റും നശിപ്പിച്ചു. സമീപ വീടുകളിലും കാട്ടാന എത്തി നാശംവിതച്ചു. തുരത്താൻ വീട്ടുപരിസരത്തു തീയിട്ടവർക്കു നേരെയും ആന പാഞ്ഞടുത്തു. രണ്ട് ആനകളെയാണ് ഈ പ്രദേശത്ത് കണ്ടത്.
സമീപത്തെ ഊറോലിക്കാട്ടിലാണ് ആന നിലയുറപ്പിച്ചിട്ടുള്ളത്. മാസങ്ങളോളം ആന ഈ പ്രദേശത്ത് എത്താത്തതിനെ തുടർന്ന് ജനങ്ങൾ ആശ്വാസത്തിലായിരുന്നു. കതിർ നിരന്ന പാടങ്ങൾ തേടിയും കൊയ്തെടുത്ത നെല്ലു തേടി വീടുകളിലും ആന എത്തുന്നത് പതിവാണ്. അതിനാൽ കൊയ്തെടുത്ത നെല്ല് എത്രയും വേഗം സപ്ലൈകോ സംഭരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചക്ക, മാങ്ങ എന്നിവയുടെ സീസൺ ആയതോടെ ഇവ തേടി ആനകൾ ജനവാസ മേഖലയിലെത്തുന്നു.
ഭൂരിഭാഗവും സാധരണ തൊഴിലാളി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. പാലക്കാട് ടൗണിലും കോയമ്പത്തൂരിലും ജോലിക്കു പോകുന്നവര്‍ രാത്രിയിലാണ് വീട്ടില്‍ തിരിച്ചെത്തുക. ഇതാകട്ടെ ജീവന്‍ പണയപ്പെടുത്തിയുള്ള ഞാണിന്‍മേല്‍ക്കളിയും. ജോലിക്കു പോയവര്‍ തിരിച്ചെത്തുന്നതുവരെ വീട്ടിലുള്ളവരുടെ മനസ്സില്‍ തീയാണ്. ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല, വര്‍ഷങ്ങളായി പ്രദേശത്തെ ജനം അനുഭവിക്കുന്നതാണ്. ആറങ്ങോട്ടുകുളമ്പില്‍നിന്ന് പടലിക്കാട്, പന്നിമട വരെ ആന എത്തുന്നത് പതിവാണ്. ആനയെ ഉടൻ ഉൾക്കാട്ടിലേക്കു തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.