പണിയായുധ നിർമാണ കുടുംബങ്ങൾ പ്രതിസന്ധിയിൽ
text_fieldsഎലവഞ്ചേരി: സർക്കാറിന്റെ കൈതാങ്ങ് കാത്ത് ചെറുകിട പണിയായുധ നിർമാണ മേഖല. എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലായി നൂറിലധികം കുടുംബങ്ങളാണ് കൊടുവാൾ, കൈക്കോട്ട്, പാര, വെട്ടുകത്തി, കോടാലി തുടങ്ങിയ 28ലധികം പണിയായുധങ്ങൾ നിർമിക്കുന്ന തൊഴിലിൽ ഏർപ്പെട്ടത്. കോവിഡ് കാലത്ത് ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് തൊഴിലാളികൾ പറയുന്നു. അതുവരെ തിരിച്ചടവ് നടത്തിയിരുന്ന വായ്പകൾ കോവിഡ് കാലമായപ്പോൾ നിലച്ചു. ഒരു മാസത്തോളമായി ആവശ്യക്കാരെത്തി തുടങ്ങിയെങ്കിലും കടബാധ്യതയിൽനിന്ന് മുക്തമായിട്ടില്ലെന്ന് മേഖലയിലെ തൊഴിലാളിയായ വി.ജയകുമാർ പറഞ്ഞു.
കൂടുതൽ പണിയായുധങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കാൻ മുതൽ മുടക്കില്ലാത്ത സാഹചര്യത്തിൽ സർക്കാർ ഇടപെടൽ കാക്കുകയാണ് മേഖല. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം അടുത്ത തലമുറ ഇത്തരം തൊഴിലിലേക്ക് വരുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. അത്യാധുനിക യന്ത്ര സംവിധാനങ്ങളോടെ ഫാക്ടറികൾ പണിയായുധ നിർമാണ മേഖലക്ക് കടന്നതും ഇത്തരക്കാർക്ക് തിരിച്ചടിയായി. ജില്ലയിൽ പേരുകേട്ട എലവഞ്ചേരി കൊടുവാൾ നിർമിക്കുന്ന കുടുംബങ്ങളെ സാമ്പത്തിക പ്രയാസങ്ങളിൽനിന്ന് കരകയറ്റാൻ സർക്കാർ രംഗത്തുവരണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.