ബാബുവിന്റെ മനക്കരുത്തിനെ പ്രശംസിച്ച് സൈന്യം; ഭൂപ്രകൃതി വെല്ലുവിളിയായതായി ലെഫ്. കേണൽ ഹേമന്ദ് രാജ്
text_fieldsപാലക്കാട്: മലമ്പുഴ ചെറോട് കൂമ്പാച്ചി മലയുടെ ചെങ്കുത്തായ ഭൂപ്രകൃതി വലിയ വെല്ലുവിളിയായതായി മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ്. അതേസമയം, ബാബുവിന്റെ മനക്കരുത്തും ആത്മവിശ്വാസവും രക്ഷാപ്രവർത്തനത്തിൽ വലിയ നേട്ടമായതായും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ സംബന്ധിച്ച് ഇതൊരു സാധാരണ ദൗത്യം മാത്രമാണ്. കശ്മീരിലും വടക്കുകിഴക്കൽ സംസ്ഥാനങ്ങളിലും പർവത മേഖലയിൽ വലിയ ദൗത്യങ്ങൾ സൈന്യം നിർവഹിക്കാറുണ്ട്. പർവതാരോഹണത്തിൽ പ്രാവീണ്യം ലഭിച്ച സൈനികരാണ് മലമ്പുഴ ഓപറേഷനിൽ പങ്കെടുത്തത്. പരുപരുത്തതും ചെങ്കുത്തായതുമായ ഭൂപ്രകൃതി മാത്രമേ വെല്ലുവിളിയായി ഉണ്ടായിരുന്നുള്ളൂ. സൈന്യം നൽകിയ നിർദേശങ്ങളെല്ലാം ബാബു കൃത്യമായി പാലിച്ചു. ആ പോസിറ്റിവ് മനസ്സാണ് വലിയ നേട്ടമായത്.
മൈനസ് സീറോ ഡിഗ്രിയിൽ വരെ പ്രവർത്തിക്കുന്ന സൈന്യത്തിന് ഈ ദൗത്യം അത്ര ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല. മലമ്പുഴ ഓപറേഷന് കൃത്യമായ ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. പരിചിതമല്ലാത്ത പ്രദേശമായതിനാൽ ഗൂഗിൾ മാപ്പ് നോക്കി മനസ്സിലാക്കി. ഡ്രോൺ ഉപയോഗിച്ച് ലൊക്കേഷനും റൂട്ടും നിർണയിച്ചു. ഇത് സൈന്യം തനിച്ച് നടത്തിയ ഒന്നല്ല. അഗ്നിരക്ഷാസേന, വനംവകുപ്പ്, പൊലീസ്, റവന്യുവകുപ്പ്, പൊതുജനങ്ങൾ തുടങ്ങിയവരുടെ സംയുക്ത നീക്കമാണ് വിജയം കണ്ടത്. ജില്ല കലക്ടർ മൃണ്മയി ജോഷിയും ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥും നൽകിയ പിന്തുണയും സഹായവും വളരെ വലുതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.