കോളനികളിൽ വാറ്റ്, കഞ്ചാവ് ഏജൻറുമാർ പിടിമുറുക്കുന്നു
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെമ്മണാമ്പതി, അളകാപുരി, നീളപ്പാറ, മുച്ചങ്കുണ്ട്, അണ്ണാനഗർ, ആനക്കട്ടി, ചെമ്മണന്തോട്, പതി, വെള്ളരൻ കടവ്, കുണ്ടിലക്കുളമ്പ്, നരിപ്പാറ ചള്ള, ഇടുക്കുപ്പാറ, മാത്തൂർ കോളനികൾ കേന്ദ്രീകരിച്ച് ലഹരി വിൽപന സജീവം. സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചതോടെ മദ്യം ലഭിക്കാതിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരി ഏജൻറുമാർ വാറ്റ് ചാരായവും കഞ്ചാവുമായി കോളനികളിലേക്ക് കടന്നെത്തിയത്.
ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടം സംഭവിച്ച യുവാക്കളെ മദ്യവും കഞ്ചാവും വിൽപന നടത്തിയാൽ വരുമാനമാർഗമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് വിതരണം ആരംഭിച്ചത്. കോവിഡ് കാലത്ത് ചാരായത്തിനും കഞ്ചാവിനും വില വർധിച്ചതോടെ സ്വന്തമായി ലഹരി വസ്തുക്കൾ തേടിയെത്തുന്നവർക്ക് മരുന്നുകളും ഗുളികകളും മദ്യത്തിൽ കലർത്തിയുള്ള വിൽപനയും കോളനികളിൽ സജീവമായതായി ആദിവാസി സംരക്ഷണ സംഘം കൺവീനർ നീളിപ്പാറ മാരിയപ്പൻ പറഞ്ഞു.
ലോക്ഡൗൺ ഇളവുകൾ വന്നതോടെ തൊഴിൽ പ്രതിസന്ധിക്ക് വിരാമമുണ്ടായെങ്കിലും കൃത്രിമ മദ്യലഹരിയിൽ ശീലിച്ച യുവാക്കൾ വീണ്ടും വാറ്റുകാരെയും മരുന്ന് മദ്യവിൽപനക്കാരെയും ആശ്രയിക്കാൻ തുടങ്ങി. വിമുക്തി ഉൾപ്പെടെ വിവിധ മദ്യവർജന പദ്ധതികൾ എക്സൈസ് വകുപ്പിൽ ഉണ്ടെങ്കിലും ഇവയൊന്നും പട്ടികവർഗ-പട്ടികജാതി കോളനികളിൽ എത്താറില്ല. ലഹരി ഉപയോഗത്തിൽ എല്ലാ വിഭാഗം ജനങ്ങളും വസിക്കുന്ന കോളനികൾ ഉൾപ്പെടുമെങ്കിലും ആദിവാസി കോളനികളിലാണ് ലഹരി മാഫിയകൾ പിടിമുറുക്കുന്നത്.
രണ്ട് വർഷത്തിനിടെ 11 യുവാക്കളാണ് മുതലമട, കൊല്ലങ്കോട് പഞ്ചായത്തിലെ കോളനികളിൽ മരിച്ചത്. നിസ്സാരമായ ശാരീരിക പ്രശ്നങ്ങളാൽ ലഹരിയിൽ അമർന്ന കോളനികളിലെ യുവാക്കളുടെ മരണങ്ങൾ പോലും വേണ്ട വിധം അന്വേഷിക്കുന്നില്ല.
വ്യാജമദ്യ ദുരന്തം: ദുഃഖം താങ്ങാനാവാതെ ബന്ധുക്കൾ
വാളയാർ: വ്യാജമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഊരുകളിൽ എത്തിയപ്പോൾ ദുഖം താങ്ങാനാവാത ബന്ധുക്കൾ. മൂന്ന് ദിവസങ്ങളിലായി അഞ്ചുപേരാണ് ചെല്ലംകാവ് കോളനിയിൽ മദ്യദുരന്തത്താൽ മരിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെയും ഉച്ച കഴിഞ്ഞുമായി ഊരുകളിലെത്തിച്ച് കഞ്ചിക്കോട് വാതകശ്മശാനത്തിൽ സംസ്കരിച്ചു. സ്ത്രീകളും കുട്ടികളും ദുഃഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞു. ഉൗരുനിവാസികളുടെ ഭീതിയും ദൈന്യതയും നിറഞ്ഞ മുഖങ്ങൾ കൂടിനിന്ന ഉദ്യോഗസ്ഥരെയും ദുഃഖത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.