ഭൂമി പിളരുമ്പോഴും പാറ പൊട്ടിക്കലും നിർമാണവും സജീവം
text_fieldsകൊല്ലങ്കോട്: നാടെങ്ങും ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ദുരിതത്തിലമരുമ്പോഴും മുതലമടയിലും കൊല്ലങ്കോട്ടും നിലക്കാതെ പാറ പൊട്ടിക്കൽ തുടരുകയാണ്. അനധികൃതമായി പാറ പൊട്ടിക്കുന്ന 41 ക്വാറികളാണ് മുതലമട, കൊല്ലങ്കോട് മേഖലയില ള്ളത്. ഇതിനു പുറമെ മൂച്ചങ്കുണ്ടിൽ ഗ്രീൻ ചാനലിലൂടെ പുതിയ പാറ പൊട്ടിക്കൽ കേന്ദ്രം കൂടി വർധിച്ചതോടെ ജനം ഭീതിയിലാണ്.
മൂച്ചങ്കുണ്ടിൽ അടുത്ത കാലത്താണ് ഗ്രീൻ ചാനലിലൂടെ പാറപൊട്ടിക്കാൻ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം എതിർത്തിട്ടും നിർത്തിവെക്കാൻ സാധിച്ചിട്ടില്ല. ക്വാറികൾക്കു പുറമെ ക്രഷറുകളും മുതലമടയിൽ സജീവമാണ്. പാറ പൊട്ടിക്കാൻ അനുവാദമില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുകൾ കൊണ്ടുവന്ന് ക്രഷറുകളിൽ പൊടിച്ചാണ് പ്രവർത്തനം നടക്കുന്നത്. എന്നാൽ പ്രാദേശിക ക്വാറികൾ പൊട്ടിച്ച് അനധികൃതമായി മുതലമടയിലെ ക്രഷറുകൾക്ക് നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ക്വാറികളിലെ അമിത സ്ഫോടനങ്ങൾ മൂലമാണ് വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ തിരിച്ചുവനത്തിലേക്ക് പോകാത്തതെന്നും പറയപ്പെടുന്നു.
ക്വാറികളിലെ സ്ഫോടനങ്ങൾ ആനകളുടെ ആവാസവ്യവസ്ഥയെയും ബാധിച്ചതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അനധികൃത ക്വാറികൾക്കെതിരെ വിജിലൻസ് റെയ്ഡ് നടന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണ്. അധികൃതരുടെ കടുത്ത അനാസ്ഥ തന്നെയാണ് പാറ പൊട്ടിക്കൽ വർധിക്കാൻ വഴിവച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വനാതിർത്തിയോട് ചേർന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ പൊങ്ങുന്നതും മണ്ണിടിച്ചിലിന് വഴിയൊരുക്കുമെന്നും ഭീതി നിലനിൽക്കുകയാണ്. പ്രകൃതി സൗന്ദര്യമേറിയ കൊല്ലങ്കോട്ട് ഫാം ടൂറിസത്തിന്റെ പേരിൽ വനത്തിനോട് ചേർന്നിട്ടുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് ബഹുനില കെട്ടിടങ്ങൾ നിർമാണം ആരംഭിച്ചതിനാൽ ഈ പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
വനത്തോട് ചേർന്ന് പ്രദേശങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയും പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ അനുമതി സമ്പാദിച്ചെന്ന പേരിലാണ് നിർമാണം പുരോഗമിക്കുന്നത്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്ത് അതിർത്തികളിലെ ക്വാറികളും അനധികൃത നിർമാണങ്ങളും പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.