വരവ് കുറഞ്ഞു; വില കൂടി പച്ചക്കറിക്കും ലോക്ക്!
text_fieldsപാലക്കാട്: ലോക്ഡൗൺ പ്രതിസന്ധിക്കിടെ കുതിച്ചുയർന്ന് പച്ചക്കറി വില. തമിഴ്നാട്ടിൽനിന്ന് ചരക്കുനീക്കം മന്ദഗതിയിലായതും ആഭ്യന്തര ഉൽപാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി. പാലക്കാട് വലിയങ്ങാടിയിൽ 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തിയിരുന്നതെങ്കിൽ കോവിഡ് രണ്ടാംതരത്തിൽ 5-10 ലോഡ് പച്ചക്കറിയാണ് എത്തുന്നത്. വാങ്ങാനാളില്ലാതായതോടെ പല കടകളും പ്രവർത്തനവും നിർത്തി.
തോരനും അവിയലുമെല്ലാം കീശ കാലിയാക്കും
ബീൻസ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ ഉൽപാദനം തമിഴ്നാട്ടിൽ കുറഞ്ഞതോടെ രണ്ടാഴ്ചക്കിടെ വില ഇരട്ടിേയാളമാണുയർന്നത്. നിയന്ത്രണങ്ങൾ കർശനമായതോടെ വിപണിയിൽ ആവശ്യക്കാരേറെയുള്ള ഉൽപന്നങ്ങളിൽ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാർ വിൽപനക്കായി എത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ആഘോഷങ്ങളടക്കമുള്ള കാര്യങ്ങൾക്ക് ചുരുങ്ങിയതും പച്ചക്കറി വ്യാപാരത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇതാകെട്ട വ്യാപാരികൾ സംഭരിക്കുന്ന അളവ് കുറക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയുമാണെന്ന് നഗരത്തിൽ പച്ചക്കറി വ്യാപാരം ചെയ്യുന്ന ശ്രീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വിൽക്കാൻ വഴിയില്ല
ഗ്രാമീണ മേഖലയിൽ ഇത്തവണ ഉൽപാദനം കുറവാണെങ്കിലും നിലവിലെ സാഹചര്യത്തിൽ വിപണിയിലെ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാനാവശ്യമായ പച്ചക്കറിയുണ്ട്. േകാവിഡ് വ്യാപനം വെല്ലുവിളിയായതോടെ സംഭരണത്തിെൻറ അളവും കുറഞ്ഞു. ഇനി സംഭരിച്ചാൽ തന്നെ, വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി മൊത്തവ്യാപാരികൾ കുറഞ്ഞ വിലക്കാണ് സംഭരിക്കുന്നത്.
മേഖലയിൽ താങ്ങുവിലയും സംഭരണവുമായി സർക്കാർ ഇടപെടലുണ്ടെങ്കിലും കർഷകർക്ക് പൂർണമായി പ്രയോജനപ്പെടുന്ന രീതിക്കല്ല പ്രവർത്തനം. പല കർഷകരും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്നുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം. ലോക്ഡൗണിൽ വിളകളുമായി കുരുങ്ങിയ പലരും തങ്ങളുടെ അധ്വാനം സമൂഹ അടുക്കളകളിലേക്കും ഭക്ഷ്യക്കിറ്റ് തയാറാക്കുന്നതിലേക്കുമൊക്കെ നൽകുകയാണ്.
ഇനം, കിലോക്കുള്ള വില, രണ്ടാഴ്ചക്കിടെ ഉണ്ടായ മാറ്റം എന്ന ക്രമത്തിൽ
ബീൻസ്: 30-60
വെണ്ടക്ക: 15-30
ചെറിയ ഉള്ളി: 30-60
ചേന: 15-30
മത്തൻ: 10-14
വഴുതന നാടൻ: 35-60
പാവക്ക: 30-50
സവാള: 16-25
പച്ചമുളക്: 15-40
തക്കാളി: 09-20
ബീറ്റ്റൂട്ട്: 15-50
മുരിങ്ങക്കായ: 30-40
കോളിഫ്ലവർ: 25-30
കാരറ്റ്: 35-50
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.