യുദ്ധഭൂമിയിൽനിന്ന് ആശ്വാസ തീരമണഞ്ഞ് ആതിരയും സഹ്ലയും
text_fieldsകേരളശ്ശേരി (പാലക്കാട്): യുദ്ധഭൂമിയായ യുക്രെയ്നില്‍നിന്ന് മകൾ സുരക്ഷിതമായി വീടണഞ്ഞതിന്‍റെ ആശ്വാസത്തിലാണ് കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വടശ്ശേരി ആതിര നിവാസിലെ വിശ്വപ്രസാദ്-മിനി ദമ്പതികൾ. യുക്രെയ്നിലെ ബുക്കോവിനിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിനിയാണ് ആതിര. യുക്രെയ്നിലെ യുദ്ധവാർത്തകൾ ആതിരയുടെ മാതാപിതാക്കളെയും നാട്ടുകാരെയും ഒരുപോലെ വിഷമത്തിലാക്കിയിരുന്നു.
യുദ്ധത്തിനുള്ള സാധ്യത തെളിഞ്ഞതോടെ മകളോട് മടങ്ങാൻ നിർദേശിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. യുദ്ധത്തിന് ഒരുങ്ങാൻ യുക്രെയ്ൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്തതിന് തൊട്ട് പിറകെ ഫെബ്രുവരി 15ന് ആതിരയും സഹപാഠികളായ 20 ഇന്ത്യൻ വിദ്യാർഥികളും നാട്ടിലേക്ക് വിമാനം കയറാന്‍ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
സർവകലാശാലയും എംബസിയും അനുമതി നൽകിയതോടെ യാത്ര വേഗത്തിലായി. യുക്രെയ്ൻ തലസ്ഥാനമായ കിയവില്‍നിന്ന് ഷാര്‍ജയിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും വിമാനമാർഗം എത്തി. യുദ്ധം കൊടുമ്പിരി കൊള്ളും മുമ്പേ നാട്ടിലെത്തിയ സന്തോഷം പങ്കിടുമ്പോഴും നാട്ടിലെത്താന്‍ പറ്റാത്ത ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിലുള്ള വിഷമവും ആതിരയും വീട്ടുകാരും പങ്കുവച്ചു.
നാട്ടിലെത്തിയ ആശ്വാസം
ചെർപ്പുളശ്ശേരി: യുദ്ധഭീതിയുടെയും ആശങ്കകളുടെയും നാട്ടിൽനിന്ന് ജൻമനാട്ടിലെത്തിയ ആശ്വാസത്തിലാണ് നെല്ലായ മാരായമംഗലം കുളപ്പിട സ്വദേശിനി സഹ്ല. യുക്രെയ്നിലെ ചെറൻസ്കി ബുക്കേനി യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ ആദ്യ വർഷ വിദ്യാർഥിനിയാണ് സഹ്ല. കഴിഞ്ഞ ഡിസംബറിലാണ് യുക്രെയ്നിലേക്ക് പോയത്.
കുളപ്പിട പള്ളത്ത് സിദ്ദീഖ്-സുനീറ ദമ്പതികളുടെ മകളായ സഹ്ല കൂടെ പഠിക്കുന്ന തലശ്ശേരി സ്വദേശിനി ഫസ്ല ഷെറിനും ഒന്നിച്ച് റുമാനിയ വഴി ഡൽഹിയിലെത്തി. അവിടെനിന്ന് കൊച്ചിയിലെത്തുകയായിരുന്നു. തുടർപഠനത്തിന്‍റെ ആശങ്കയും നിരാശയും ഇരുവരും പങ്ക് വെച്ചു. ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡൻറ് സി. ബാബു, നെല്ലായ പഞ്ചായത്ത് പ്രസിഡന്‍റ് കെ. അജേഷ് എന്നിവർ ഇരുവരേയും പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.