കായികതാരം അനിൽകുമാറിന് വീടായി, ജോലി ഇന്നും സ്വപ്നം
text_fieldsപുതുപ്പരിയാരം: ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് താരം പുതുപ്പരിയാരം വാളയക്കാട് വീട്ടിൽ അനിൽ കുമാറിന് സുമനസ്സുകളുടെ തണലിൽ വീടായി. ജോലിക്കുള്ള കാത്തിരിപ്പിന് അറുതിയായില്ല. രോഗം കാരണം കിടപ്പിലായ പിതാവ് കൃഷ്ണെൻറയും പ്രായമായ മാതാവ് പൊന്നു കാശുവിെൻറയും ഏക ആശ്രയമാണ് ഈ കായിക താരം. വെറ്ററൻസ് ഭാഗത്തിൽ 21 കിലോമീറ്റർ മാരത്തൺ, ക്രോസ് കൺട്രി എന്നീ ഇനങ്ങളിൽ മൂന്ന് തവണയും സംസ്ഥാന തലത്തിൽ 12 തവണയും ചാമ്പ്യൻപട്ടം നേടിയ കായിക താരമാണിദ്ദേഹം.
ഒരു വർഷം മുമ്പ് അനിൽകുമാറിെൻറ വീട് സന്ദർശിച്ച ജില്ല കലക്ടർ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. കൂലിപ്പണിയെടുത്ത് ജീവിതം തള്ളിനീക്കുകയാണ് യുവാവ്. മൂന്ന് വർഷം മുമ്പ് വീഴാറായ വീടിൽ താമസിക്കുന്ന കായിക താരത്തെപ്പറ്റി 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരു വർഷം മുമ്പാണ് സമഗ്ര വെൽനെസ് എജുക്കേഷൻ ട്രസ്റ്റ് വീടിെൻറ തറ നിർമിച്ച് നൽകിയത്. ഇടക്കാലത്ത് പണി മുടങ്ങി.
മലബാർ ഗോൾഡ് ചാരിറ്റി, പ്രവാസി മലയാളികളായ വിനോദ് ഷാർജ, ജോസ് കുവൈത്ത്, ഡോ. യു.കെ. തോമസ്, ജേക്കബ് ഖത്തർ, സെൻറ് ഡൊമനിക് ആശുപത്രിയിലെ ഡോക്ടർ എന്നിവരടക്കം നിരവധി പേരുടെ സഹായം ലഭിച്ചതോടെയാണ് വീടുപണി പൂർത്തിയാക്കിയത്. സ്ഥിരം വരുമാനമുള്ള ജോലി അനിൽകുമാറിന് എന്ന് ലഭിക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.