കാണാനാകുമോ ആ മനോഹര കാഴ്ച?
text_fieldsകല്ലടിക്കോട്: ആറ്റ്ല വെള്ളച്ചാട്ട പ്രദേശത്തേക്കുള്ള വിനോദസഞ്ചാര അനുമതിയും ജലവൈദ്യുതി പദ്ധതി പ്രവർത്തനാനുമതിയും ഊരാക്കുടുക്കിൽ. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിൽ പ്രവേശന അനുമതി നിഷേധിച്ചത് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. നിലവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗികാനുമതി ലഭിക്കാതെ ഏതുതരം പ്രവർത്തനങ്ങളും ഈ സ്ഥലത്ത് നടത്താനാവില്ല. ഈയിടെ കെ. ശാന്തകുമാരി എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ആറ്റ് ലയുടെ സാധ്യത പഠിക്കാൻ സ്ഥലം സന്ദർശിച്ചിരുന്നു.
കരിമലയിലെ പ്രകൃതിയുടെ അപൂർവ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പ്രദേശമാണിത്. കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്ക് ചേരുന്ന മുണ്ടനാട് പുഴയുടെ ആടുപാറയിൽ നിന്നാണ് ജലപാതത്തിന്റെ ഉത്ഭവം. മുത്തിക്കുളത്ത് നിന്ന് ഒഴുകുന്ന കരിമലയാറും ആടും പാറ, വാഴക്കുന്ന് മലമ്പ്രദേശങ്ങൾ വഴി ഒഴുകി വരുന്ന ആറും സംഗമിക്കുന്നത് ആറ്റ്ല വെള്ളച്ചാട്ടത്തിലാണ്.
അഞ്ച് തട്ടുകളിലായി 650 മീറ്റർ താഴ്ചയിലേക്ക് വെള്ളം ശക്തിയോടെ പതിക്കുന്ന നയന മനോഹര കാഴ്ച ആറ്റ്ലയുടെ മാത്രം പ്രത്യേകതയാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതയോട് സാമീപ്യമുള്ള കല്ലടിക്കോട് തുപ്പനാട് നിന്ന് മുന്നേക്കർ വരെ എട്ട് കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇവിടെ നിന്ന് കരിമല ആറ്റ്ല വെള്ളച്ചാട്ട പ്രദേശത്തേക്കും മീൻ വല്ലത്തേക്കും രണ്ട് വഴികൾ ഉള്ളത്. മൂന്നേക്കറിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദുർഘട വനപാത താണ്ടി വേണം ആറ്റ്ലയിലെത്താൻ.
ഹൈഗിയർ വാഹനങ്ങൾക്ക് മാത്രമേ കുത്തനെയുള്ള മലമ്പാതയിലൂടെ സഞ്ചരിക്കാനാവു. നിലവിൽ ഈ പ്രദേശത്തേക്ക് സന്ദർശനാനുമതിയില്ല. 650 മീറ്റർതാഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ 500 മീറ്റർ ഉയരത്തിൽ ചെക്ക്ഡാം നിർമിച്ച് മുണ്ടനാട് പുഴയിൽ ജലവൈദ്യുതി പദ്ധതി ആരംഭിക്കാൻ കാൽനൂറ്റാണ്ട് മുമ്പ് രൂപരേഖ തയാറാക്കിയിരുന്നു.
ചെക്ക്ഡാമിൽനിന്ന് 750 മീറ്റർ താഴ്ചയിലേക്ക് പെൻസ്റ്റോക്ക് വഴി വെള്ളം പവർഹൗസിലെത്തിച്ച് 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചെക്ക്ഡാം നിർമിക്കുന്നതിന് വനം വകുപ്പ് രണ്ട് ഏക്കർ സ്ഥലം കൈമാറി ബിനാനി ആൻറ് സിങ്ക് കമ്പനിക്ക് 2005ൽ നിർമാണ ചുമതല വരെ കൈമാറിയിരുന്നു. കാലക്രമേണ കരാർ ദുർബലപ്പെട്ടു. പുതിയ സാഹചര്യത്തിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രത്യേകാനുമതി നൽകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.