ആറ്റ്ല വെള്ളച്ചാട്ടം; വൈദ്യുതി ഉൽപാദന സാധ്യത പരിശോധിക്കുന്നു
text_fieldsകല്ലടിക്കോട്: പശ്ചിമഘട്ടത്തിലെ കരിമലയിൽ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാര്യം പരിഗണനയിൽ. 20 വർഷം മുമ്പ് വൈദ്യുതി ഉൽപാദന സാധ്യത പഠിക്കാൻ ഉന്നതസംഘം സ്ഥലം സന്ദർശിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.
പ്രളയാനന്തരം തുടരെയുള്ള അത്യാഹിതങ്ങളും ആളപായവും കാരണം മൂന്ന് വർഷം മുമ്പ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒന്നിലധികം ജലപാതങ്ങളുള്ള അതി മനോഹര പ്രകൃതി ദൃശ്യമാണ് ഈ വെള്ളച്ചാട്ടം. പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് നിലവിൽ സന്ദർശകർക്ക് അനുമതിയില്ല.
ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മീൻവല്ലം മിനി ജലവൈദ്യുത പദ്ധതിയുടെ മാതൃകയിൽ ആറ്റ്ലയും ആലോചനയിൽ ഇടം പിടിച്ചത്. വൈദ്യുതി ഉൽപാദനത്തിന് സാധ്യത തെളിഞ്ഞാലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ആനുമതിപത്രം ലഭിച്ചാൽ മാത്രമേ പദ്ധതി ആരംഭിക്കാനാവൂ. കൂടാതെ ആറ്റ്ലയുടെ വിനോദസഞ്ചാര സാധ്യതകളും ഉപയോഗപ്പെടുത്തും. കെ. ശാന്ത കുമാരി എം.എൽ.എ നേതൃത്വം നൽകുന്ന പഠനസംഘം വ്യാഴാഴ്ച പ്രദേശം സന്ദർശിക്കും. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ-കരിമല റോഡിൽ ദുർഘട മലമ്പാത താണ്ടി വേണം പ്രദേശത്ത് എത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.