വേദിയിൽ കൈയടി നേടി അട്ടപ്പാടിയിലെ കുട്ടികൾ
text_fieldsഅഗളി: ‘..... തീ തിന്ന് ചത്തിട്ട് നാളെ നിങ്ങൾ
തെയ്യങ്ങളായിട്ടെന്തു കാര്യം?
ജീവിച്ചിരിക്കുമ്പോൾ ഉടവാളെടുക്കണം;
ഉടയോനോടായാലും ചോദ്യം ചോദിക്കണം...’സംസ്ഥാന കലോത്സവത്തിലെ സംഘനൃത്ത വേദിയിലേക്ക് പുതുമയുള്ള വിഷയവുമായെത്തിയ അട്ടപ്പാടി മോഡൽ റസിഡൻഷൽ സ്കൂളിലെ കുട്ടികൾ വേദിയിൽ മുഴങ്ങിയ ഗാനത്തിനൊപ്പം നിറഞ്ഞാടി. അട്ടപ്പാടിയിലെ ഗോത്രസംസ്കൃതിയിൽ നിന്നെത്തിയ കുട്ടികൾ തെയ്യക്കോലങ്ങളുടെ ജീവിതം ഗംഭീര നൃത്ത ചുവടുകളോടെ അവതരിപ്പിച്ച് കാണികളുടെ കൈയടിയും എ ഗ്രേഡും നേടി.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള അട്ടപ്പാടിയിലെ മുക്കാലി എം.ആർ.എസ്. തുടർച്ചയായി രണ്ടാം വർഷമാണ് സംസ്ഥാന കലോത്സവത്തിന്റെ സംഘനൃത്ത വേദിയിലെത്തുന്നത്. രണ്ട് തവണയും എ ഗ്രേഡ് നേടിയാണ് മടക്കം. സ്കൂളിലെ അധ്യാപകൻ കെ. വിജേഷിന്റെ ഭാര്യ എം. അതുല്യയാണ് പരിശീലക.
ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലെങ്കിലും പ്രാക്തന ഗോത്ര വിഭാഗത്തിലുള്ളവർ ഉൾപ്പെടെ സംഘത്തിലുള്ള ഏഴ് പേരും വേദിയിൽ തകർത്താടി. ചിട്ടയായ പരിശീലനമാണ് കുട്ടികളുടെ നേട്ടത്തിന് പിന്നിലെന്ന് പ്രധാനാധ്യാപകൻ ബിനോയ് മാത്യു പറയുന്നു.
നൃത്തത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ജൂലൈ മുതൽ പരിശീലനം നൽകിയിരുന്നു.
കെ. അക്ഷര, എം. ജ്യോതി, കെ.എം. ശിവരഞ്ജിനി, എസ്. ശോഭന, ഐശ്വര്യ സത്യൻ, കെ.എസ്. ഐശ്വര്യ, യു. കൃഷ്ണവേണി എന്നിവരാണ് നൃത്ത സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.