അട്ടപ്പാടി മധു വധക്കേസ്: തുടക്കം മുതൽ വീഴ്ച
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ തുടക്കം മുതൽ സർക്കാറിന് വീഴ്ച. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രണ്ട്മാസം മുമ്പ് വി.ടി. രഘുനാഥ് കത്ത് നൽകിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. മാധ്യമങ്ങളിൽ വലിയ ചർച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളിൽ സർക്കാർ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും തുടക്കത്തിൽ സർക്കാർ തയാറായില്ല.
നൂറുകണക്കിന് കേസുകൾ വാദിക്കുന്ന മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടർ തന്നെ മധുകേസും വാദിക്കട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിമർശനങ്ങൾ ഉയർന്നതോടെ ഒന്നര വർഷത്തിനുശേഷം ഗോപിനാഥിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാൽ, ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ അദ്ദേഹം ഒഴിവായി. പിന്നീട് ആക്ഷൻ കൗൺസിൽ ഇടപെടലിനെ തുടർന്നാണ് വി.ടി. രഘുനാഥിനെ 2019ൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇദ്ദേഹം രണ്ട് തവണയാണ് കോടതിയിൽ ഹാജരായത്.
2021 നവംബർ 24ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്ന് രഘുനാഥ് ഡി.ജി.പിയെ അറിയിച്ചു. എന്നാൽ രണ്ട് മാസത്തിന് ശേഷം കേസ് പരിഗണനക്ക് എടുത്തപ്പോൾ, കോടതി പ്രോസിക്യൂട്ടർ എവിടെയെന്ന് ചോദിക്കുകയും, ഇത് ചർച്ചയാവുകയും ചെയ്തതോടെയാണ് സർക്കാർ കണ്ണുതുറന്നത്. പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പുതിയ ആൾവരുമ്പോൾ മൂവായിരത്തിലധികം പേജുള്ള കുറ്റപത്രം പഠിച്ച് കോടതിയിൽ അവതരിപ്പിക്കാൻ ഇനിയും സമയം എടുക്കും. ഇത് കൂടാതെ പ്രതികൾ ആവശ്യപ്പെട്ട രേഖകൾ കൈമാറാൻ പൊലീസ് വൈകുന്നത് കേസ് നീളുന്നതിന് കാരണമാകുന്നു. ഇതിനിടെയാണ് സാക്ഷികളായ ആദിവാസി യുവാക്കളെ പണംകൊടുത്ത് സ്വാധീനിക്കാൻ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നതായ ആരോപണം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.