ബാബ്ജാൻ: റഫിയെ ജീവനുതുല്യം സ്നേഹിച്ച കലാകാരൻ
text_fieldsപാലക്കാട്: മുഹമ്മദ് റഫിയുമായി സ്നേഹബന്ധം പുലർത്തുകയും അദ്ദേഹത്തിെൻറ പാട്ടുകളെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്ത കലാകാരനും സാമൂഹിക പ്രവർത്തകനുമാണ് ഡോ. മുഹമ്മദ് യൂസഫ് എന്ന ബാബ്ജാൻ. കോഴിക്കോട് കോട്ടപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം പാലക്കാെട്ട മകെൻറ വസതിയിൽ വ്യാഴാഴ്ച രാവിലെയാണ് നിര്യാതനായത്. ഹോമിയോ ഡോക്ടറായ ബാബ്ജാൻ പഠനകാലത്തുതന്നെ സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ബ്രദേഴ്സ് മ്യൂസിക് ക്ലബിൽ അംഗമായിരുന്നു.
സാഹിത്യകാരൻ കെ.ടി. മുഹമ്മദ്, നടന്മാരായ കെ.പി. ഉമ്മർ, നെല്ലിക്കോട് ഭാസ്കരൻ, ദേശപോഷിണി കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. എം.എസ്. ബാബുരാജുമായി സുഹൃദ് ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിെൻറ 'പ്രിയ' എന്ന ചിത്രത്തിനുവേണ്ടി പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുമായി ബന്ധപ്പെടുകയും ആ സ്നേഹബന്ധം റഫിയുടെ മരണംവരെ തുടരുകയും ചെയ്തു.
1996 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യ സോഷ്യൽ സെൻറർ (െഎ.എസ്.സി) പ്രസിഡൻറ് കൂടിയായിരുന്ന ബാബ്ജാൻ, മുഹമ്മദ് റഫിയുടെ ജന്മദിനത്തിലും ചരമദിനത്തിലും കോഴിക്കോട് ടൗൺ ഹാളിൽ നിറഞ്ഞ സദസ്സിൽ വിപുലമായ രീതിയിൽ 'റഫി നൈറ്റ്' എന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തിലൂടെ ദഖ്നി ഗായിക റാബിയയുടെയും മച്ചാട്ട് വാസന്തിയുടെയും കൂടെ പാടിയിട്ടുണ്ട്. കോഴിക്കോട്ടെ യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി (യു.ഡി.എ) സ്ഥാപകാംഗമാണ്. നാടകരംഗത്തും കഴിവ് തെളിയിച്ചു.
കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറിയ 'ടാങ്കേവാലാ' ഹിന്ദി നാടകത്തിൽ പ്രധാന അഭിനേതാവായിരുന്നു. എം.എസ്. ബാബുരാജിെൻറ കൂടെ ശാരദയുടെ ഒരു സിനിമയിൽ ചില റോളുകളിലും വേഷമിട്ടു. കടമ, പുണ്യം, മാതൃഭൂമിയുടെ ഉണ്ണിയാർച്ച, ശൈത്താെൻറ വീട് തുടങ്ങിയ സീരിയലുകളിലും കല്ലായ് എഫ്.എം എന്ന സിനിമയിലും അഭിനയിച്ചു. ചെറുപ്പത്തിൽ ഫുട്ബാളിൽ തൽപരനായിരുന്ന ബാബ്ജാൻ ജില്ല ടീമിലും കേരളത്തിനകത്തും പുറത്തുമുള്ള മറ്റു പ്രമുഖ ടീമുകൾക്കും ബൂട്ടണിഞ്ഞു. യു.എ.ഇ സൈന്യത്തിൽ 28 വർഷത്തെ സേവനത്തിനുശേഷം 1995ലാണ് സർവിസിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.