ബദറുദ്ദീൻ ഇംദാദി ഹസ്രത്തിന് വിട നൽകി നാട്
text_fields1.ബദറുദ്ദീൻ ഇംദാദി ഹസ്രത്തിന്റെ അനുസ്മരണ യോഗത്തിൽ ജമാഅത്തുൽ ഉലമ
ജില്ല പ്രസിഡൻറ് ഇല്യാസ് ബാഖവി സംസാരിക്കുന്നു. 2.മയ്യിത്ത് നമസ്കാരത്തിന് എത്തിയ ജനക്കൂട്ടം
കൊല്ലങ്കോട്: മുതലമടയിലെ പ്രമുഖ മതപണ്ഡിതൻ ബദറുദ്ദീൻ ഇംദാദി ഹസ്രത്തിന് വിട നൽകി നാട്. ചൊവ്വാഴ്ച നിര്യാതനായ, നണ്ടൻകിഴായ അഹ്ലുസ്സുന്നത്തി വൽജമാഅ ജുമാമസ്ജിദിൽ 49 വർഷം ഇമാമായിരുന്ന ബദറുദ്ദീൻ ഇംദാദി ഹസ്രത്തിന്റെ മയ്യിത്ത് നമസ്കാരത്തിന് നൂറുകണക്കിന് വിശ്വാസികൾ ആനമാറി പള്ളിയിലെത്തി. ജില്ലയിലും കോയമ്പത്തൂരിലുമായി നിരവധി പണ്ഡിതന്മാരും പള്ളി ഇമാമുകളും ഉൾപ്പെടുന്ന വൻ ജനാവലി ബുധനാഴ്ച പുലർച്ച മുതൽ നണ്ടൻകിഴായ ആനക്കുഴിക്കാട്ടിലെ മൗലാനാ മൻസിലിൽ മൃതദേഹം കാണാനെത്തി.
1968നു മുമ്പ് പുതുനഗരം ഹിദായത്തുൽ ഇസ്ലാം ശാഫി അറബിക് കോളജിൽ പഠനം ആരംഭിച്ച ബദറുദ്ദീൻ ഹസ്രത്ത് 1969 മുതൽ കോയമ്പത്തൂർ ഇംദാദുൽ ഉലൂം അറബിക് കോളജിൽ പഠനം തുടർന്നു.
ഇവിടെ നിന്ന് ഇംദാദി ബിരുദം നേടി. തുടർന്ന് 1976ൽ തമിഴ്നാട് ചിദംബരത്തിനടുത്ത ലാൽപേട്ട മൻബഉൽ അൻവാർ കോളജിൽ ഉന്നതപഠനത്തിനെത്തി. ഇവിടെ ഹിഫിള് പഠനവും പൂർത്തീകരിച്ചു. ശേഷം നണ്ടൻകിഴായ ജുമാമസ്ജിദിൽ പ്രധാന ഇമാമായി മരണത്തിനു മുമ്പുള്ള മാസങ്ങളിൽ വരെ സേവനംചെയ്തു. മുതലമട ചുള്ളിയാർമേട്ടിൽ ഐ.ഡി.സി മതപഠന സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. ഈണത്തിൽ ഖുർആൻ പാരായണംചെയ്യുന്ന ജില്ലയിലെ ചുരുക്കം പണ്ഡിതരിൽ ഒരാളാണ് ബദറുദ്ദീൻ ഹസ്രത്തെന്ന് മരണവീട്ടിലെത്തിയ പണ്ഡിതർ പറഞ്ഞു.
പാലക്കാട് ജമാഅത്തുൽ ഉലമയുടെ തുടക്കം മുതൽക്കുള്ള പ്രധാന അംഗമാണ്. ബദറുദ്ദീൻ ഹസ്രത്ത് മികച്ച പച്ചക്കറി കർഷകനുമായിരുന്നു. കെ. ബാബു എം.എൽ.എ, മുതലമട പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും വീട്ടിൽ മൃതദേഹം സന്ദർശിക്കാനെത്തി.
ബുധനാഴ്ച 11ഓടെ ആനമാറി ഖബർസ്ഥാനിലെത്തിച്ചും ജമാഅത്തുൽ ഉലമ ജില്ല പ്രസിഡൻറ് ഇല്യാസ് ബാഖവി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ജമാഅത്തുൽ ഉലമ ജില്ല ഖാദി മുഹമ്മദലി ഹസ്രത്ത് കൊടുവായൂർ പ്രാർഥനക്ക് നേതൃത്വം നൽകി. ഖബറടക്കത്തിനുശേഷം പള്ളി ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കോയമ്പത്തൂർ മൻബഉൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ പൂടൂർ മുഹമ്മദലി ഹസ്രത്ത് നേതൃത്വം നൽകി. ജമാഅത്തുൽ ഉലമ ജില്ല പ്രസിഡൻറ് ഇല്യാസ് ബാഖവി അധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം ദാവൂദി, അബൂബക്കർ ദാരിമി, എൻ.എ. അബ്ദുൽ കരീം ദാവൂദി, മഹമ്മദ് മൂസ മുനീരി, അബ്ദുൽ ജബ്ബാർ മിസ്ബാഹി, എ.എഫ്. മുഹമ്മദ് ബാഖവി, മുഹമ്മദ് ഹുസൈൻ ഉലൂമി, ഹംസ ഇംദാദി കരിപ്പാലി, റഫീഖ് ഇംദാദി, ഹംസ മുസ്ലിയാർ പാറകുളമ്പ്, ഗുലാം മുഹമ്മദ് മിസ്ബാഹി, ഷറഫുദ്ദീൻ ഇംദാദി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ അമ്പതിലധികം ഇമാമുമാർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.