വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കയറ്റരുത്
text_fieldsപാലക്കാട്: ഓട്ടോറിക്ഷയിലും മറ്റു വാഹനങ്ങളിലും സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ച് കയറ്റരുതെന്നും ഇത്തരം വാഹനങ്ങളിൽ വകുപ്പിന്റെ നിർദേശപ്രകാരമുള്ള അനുപാതത്തിൽ മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കൂവെന്നും മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളിൽ ഡ്രൈവർമാരുടെ അരികിൽ വിദ്യാർഥികളെ ഇരുത്തരുത്.
സ്കൂൾ വിദ്യാർഥികളുമായി വരുന്ന മറ്റു വാഹനങ്ങളുടെ രേഖകൾ കൃത്യമായിരിക്കണം. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ് ഡ്രൈവർമാർ, ഡോർ അറ്റൻഡർമാർ എന്നിവർക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് സുരക്ഷാ പരിശീലന ക്ലാസിലാണ് നിർദേശം. സെന്റ് റാഫേൽസ് കത്തീഡ്രൽ സീനിയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസ് ഉറപ്പുവരുത്തണം. ജി.പി.എസ്, സുരക്ഷാമിത്ര, വിദ്യാവാഹൻ എന്നിവയുമായി സ്കൂൾ ബസുകൾ ടാഗ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്പീഡ് ഗവർണർ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ഇ.ഐ.ബി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി വകുപ്പ് നൽകുന്ന സ്റ്റിക്കർ പതിപ്പിക്കണം. സ്കൂളിലെ എല്ലാ വിദ്യാർഥികളുടെയും യാത്രാമാർഗങ്ങൾ പരിശോധിച്ച് അതിന്റെ വിവരം സ്കൂളിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചു. ടിപ്പറുകൾ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ അഞ്ചു വരെയും സർവിസ് നടത്തരുത്. സ്വകാര്യ ബസുകൾ വിദ്യാർഥികളെ സ്റ്റോപ്പുകളിൽനിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യണം. വിദ്യാർഥികൾക്ക് കൺസൻഷൻ നൽകണം. സ്റ്റാൻഡുകളിൽ ബസ് പുറപ്പെടും വരെ വിദ്യാർഥികളെ കാത്തുനിർത്താൻ പാടില്ലെന്നും ഇക്കാര്യം ജീവനക്കാർ ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ. നിർദേശിച്ചു. വാഹനത്തിന്റെ രണ്ട് വാതിലുകളും അടച്ചുമാത്രമേ സർവിസ് നടത്താവൂ. എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നൽകണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.