വിറ്റഴിക്കാൻ വെച്ച ബെമലിന് വിറ്റുവരവിൽ വൻ കുതിപ്പ്: 4100 കോടിയുടെ വിറ്റുവരവും 9000 കോടിയുടെ ഓർഡറും
text_fieldsപാലക്കാട്: കേന്ദ്ര സർക്കാർ വിൽപനക്കുവെച്ച ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമൽ) വിറ്റുവരവിലും വളർച്ചയിലും വൻ കുതിപ്പ്. 2021-22ൽ 4100 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തപ്പെട്ട ഈ പൊതുമേഖല സ്ഥാപനം, ആഗോള ടെൻഡറിലൂടെ ഈ വർഷവും 9000 കോടി രൂപയുടെ ഓർഡർ നേടിയെടുത്തു. കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഓഹരി വിൽപനക്ക് കാരണമായി കേന്ദ്രം പറയുമ്പോഴാണ്, വൻകിട ബഹുരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിച്ച് ബെമൽ പുതിയ ഓർഡറുകൾ നേടിയെടുക്കുന്നത്. 1964ൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ, ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചതും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ മിനി നവരത്ന കമ്പനിയാണ് ബെമൽ. ബംഗളൂരുവിന് പുറമെ പാലക്കാട്, മൈസൂരു, കോലാർ എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമാണ യൂനിറ്റുണ്ട്.
മിലിട്ടറി വാഹനങ്ങൾ, മൈനിങ് ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങൾ, റെയിൽ ആൻഡ് മെട്രോ കോച്ചുകൾ എന്നിവയാണ് ബെമൽ പ്രധാനമായും നിർമിക്കുന്നത്. ആഗോള ടെൻഡറിൽ പങ്കെടുത്ത്, തുടർച്ചയായി ഓർഡറുകൾ നേടിവരുന്ന ബെമലിന് ഇത്തവണ പ്രതിരോധ മന്ത്രാലയത്തിന്‍റെ മാത്രം 4,000 കോടിയുടെ ഓർഡറുകളുണ്ട്. വിറ്റുവരവിന്‍റെ 60 ശതമാനം ഓർഡറും ബെമൽ നേടുന്നത് മത്സര ടെൻഡറിലൂടെയാണ്. ആകെ 56,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനി, 1500 കോടി രൂപ വില കണക്കാക്കി വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ ടെൻഡർ നടപടി പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാറിന് ബെമലിലുള്ള 54 ശതമാനം ഓഹരിയിൽ 28 ശതമാനമാണ് വിറ്റഴിക്കുന്നത്.
ഇതോടൊപ്പം കമ്പനിയുടെ മാനേജ്മെന്‍റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്ക് കൈമാറും. 2018ൽ തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം വിൽപന നടപടികൾ ആരംഭിച്ചത്. താൽപര്യപത്രം നൽകിയ ആറ് കമ്പനികളിൽനിന്നും രണ്ടെണ്ണത്തെ ടെൻഡറിലൂടെ തിരഞ്ഞെടുത്തു.
ഒരു റഷ്യൻ കമ്പനിയും ഹൈദരാബാദ് ആസ്ഥാനമായ ഒരു ഇന്ത്യൻ നിർമാണ കമ്പനിയുമാണ് ഒടുവിൽ പട്ടികയിലുള്ളത്. മേയ് മാസത്തിനകം നടപടികൾ പൂർത്തീകരിച്ച് കമ്പനി സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. തുടർച്ചയായി ലാഭം നേടിക്കൊടുക്കുന്ന തന്ത്രപ്രധാന സ്ഥാപനമാണ് കൈമാറുന്നത്. 2020-21ൽ 3555 കോടി രൂപ വിറ്റുവരവും 93 കോടി രൂപ ലാഭവും നേടിത്തന്ന സ്ഥാപനമാണിത്. ഇത്തവണ ലാഭം 100 കോടിക്ക് മുകളിൽ ആണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജൂലൈയിൽ പ്രസിദ്ധീകരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിൽ കൃത്യമായ കണക്കുകൾ പുറത്തുവരും.
മെട്രോ കോച്ചിന്‍റെ വില കുറയാൻ കാരണം ബെമൽ
പാലക്കാട്: ബെമൽ വിൽക്കുന്നതിന് പിന്നിൽ കേന്ദ്ര സർക്കാറിന്‍റെ കോർപറേറ്റ് താൽപര്യമാണെന്ന് തൊഴിലാളി സംഘടനകൾ. മത്സര ടെൻഡറുകളിലെ ഈ പൊതുമേഖല കമ്പനിയുടെ സാന്നിധ്യം, കോർപറേറ്റ് താൽപര്യങ്ങൾക്ക് വിഘാതമാണെന്ന് യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു. മെട്രോ കോച്ചിന്‍റെ അടിസ്ഥാന വില 16 കോടിയിൽനിന്ന് എട്ടുകോടിയായി കുറക്കാൻ സാധിച്ചത് ബെമൽ ടെൻഡറിൽ പങ്കെടുത്തതിനാലാണ്. മൈനിങ് ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങളുടെ വില നിയന്ത്രിക്കാനും ബെമലിന് കഴിഞ്ഞു. കമ്പനി വിൽക്കാനുള്ള നീക്കത്തിനെതിരെ നാല് വർഷമായി തൊഴിലാളികൾ തുടർച്ചയായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ്. പാർലമെന്‍റിനകത്ത് പ്രതിപക്ഷവും ഓഹരിവിൽപനക്കെതിരെ ശബ്ദമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.