ചൂടിൽ വലഞ്ഞ് പക്ഷിമൃഗാദികളും
text_fieldsപാലക്കാട്: ജില്ലയിൽ വേനൽച്ചൂടിന്റെ കാഠിന്യം ക്രമാതീതമായി വർധിച്ചതോടെ കന്നുകാലികളിൽ പാൽ ഉൽപാദനവും പ്രജനനവും കുറയാതിരിക്കാൻ ക്ഷീരകർഷകർക്ക് ജാഗ്രത നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്. തുറസ്സായ പ്രദേശത്തോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നത് സൂര്യാതപമടക്കമുള്ളവക്ക് സാധ്യത വർധിപ്പിക്കും.
താപനില വർധിക്കുന്നത് അനുസരിച്ച് തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യും. തുറസ്സായ പ്രദേശത്ത് മേയ്ക്കുന്നതിലൂടെ നിർജലീകരണം അനുഭവപ്പെട്ട് പശുക്കൾക്ക് മരണം വരെ സംഭവിച്ചേക്കാം. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ മനുഷ്യരേക്കാൾ വേഗത്തിൽ ശരീരം ചൂടാകുകയും ശ്വസന നിരക്ക് വർധിക്കുകയും ചെയ്യും.
ശ്രദ്ധിക്കാം, കാലികളിലെ ഈ ലക്ഷണങ്ങൾ
അണപ്പ്, കിതപ്പ്, വായിൽനിന്ന് ഉമിനീർ അമിതമായി പുറത്തേക്ക് ഒഴുകൽ, തീറ്റ എടുക്കുന്നതിൽ ബുദ്ധിമുട്ട്, വായ തുറന്നു ശ്വസിക്കല്‍, തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ നല്‍കണമെന്ന് ജില്ല മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ആശ മെറിന കുര്യക്കോസ് പറഞ്ഞു.
പക്ഷികളിൽ വൈറസ് രോഗ സാധ്യത
വേനൽക്കാലത്ത് പക്ഷികൾക്കും വൈറസ് രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. വളർത്തുപക്ഷികളെ ബാധിക്കുന്ന സാംക്രമിക രോഗമാണ് കോഴിവസന്ത.
ഏവിയൻ പാരമിക്സോ വൈറസുകളാണ് രോഗകാരണം. ദേശാടനപ്പക്ഷികൾ, കാട്ടുപക്ഷികൾ, പുറംനാടുകളിൽനിന്നുകൊണ്ടുവരുന്ന പ്രാവ്, തത്ത അടക്കമുള്ള പക്ഷികൾ വൈറസ് വാഹകരാണ്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ ഉച്ഛ്വാസവായു, ശരീരസ്രവം, കാഷ്ഠം എന്നിവയിലൂടെ വൈറസിനെ പുറന്തള്ളും.
കാഷ്ഠം കലർന്ന് മലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലെയുള്ള ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴി പരോക്ഷമായും വസന്തരോഗം അതിവേഗം പടരും.
വേണം, ജാഗ്രത
- ചൂടിന് കാഠിന്യം കൂടുമ്പോൾ തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ മേയ്ക്കാൻ വിടരുത്
- ഉദയത്തിന് മുമ്പും അസ്തമയ ശേഷവും കൂടുതൽ തീറ്റ നൽകണം, പരമാവധി പച്ചപ്പുല്ലുതന്നെ കൊടുക്കണം
- പ്രതിദിനം കുറഞ്ഞത് 60 ലിറ്റർ വെള്ളം ഓരോ കന്നുകാലിക്കും നൽകണം
- ചൂട് കൂടുതലുള്ള അവസരങ്ങളിൽ കഴിവതും തൊഴുത്തിലോ മരത്തണലിലോ കെട്ടി ശരീരം തണുക്കാൻ ചണച്ചാക്ക് നനച്ച് മൃഗങ്ങളുടെ ദേഹത്ത് ഇടണം
- പ്രതിദിനം തീറ്റയിൽ കലർത്തി 50 ഗ്രാം സോഡാകാരം നൽകണം
- എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പുനിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ വെള്ളത്തില്‍ കുറെനേരം കിടക്കുന്നതോ, വെള്ളം 3 -4 തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്
- തൊഴുത്തിൽ ഫാൻ ഘടിപ്പിക്കണം, അല്ലെങ്കിൽ തൊഴുത്തിന്റെ 75 ശതമാനം ഭാഗത്ത് നെറ്റ് പാകുകയോ മേൽക്കൂര ഓല മേയുകയോ ചെയ്യണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.