പാലക്കാട് മണ്ഡലം ലക്ഷ്യമിട്ട് ബി.ജെ.പി; കേന്ദ്രമന്ത്രിമാർക്കുള്ള സ്വീകരണത്തോടെ പ്രചാരണ തുടക്കം
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭ മണ്ഡലം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും വെള്ളിയാഴ്ച പാലക്കാട് നഗരത്തിൽ നൽകിയ സ്വീകരണം മണ്ഡലത്തിലെ പ്രചാരണത്തിന്റെ അനൗപചാരിക തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ഉൾപ്പെടെ ഏറെക്കുറെ എല്ലാ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. സി.പി.എമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചാണ് സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചത്. പാലക്കാട്ട് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വർഗീയതയാണ് ഉണ്ടായതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ പാലക്കാടും ചേലക്കരയും നൽകിയാൽ 2026ൽ ബി.ജെ.പി മുഖ്യമന്ത്രി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്വാഭിമാനികളായ ഹിന്ദുക്കളെ അപമാനിക്കുന്നതിന് കോൺഗ്രസുകാർ മറുപടി പറയണമെന്ന് കുമ്മനം രാജേശേഖരൻ പറഞ്ഞു. കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ പരസ്പര ധാരണയിലാണ് മുന്നോട്ടു പോകുന്നതെന്ന് ശോഭസുരേന്ദ്രൻ കുറ്റപ്പെടുത്തി.
വി.ഡി. സതീശന്റെ വീട്ടിലും അന്വേഷിച്ചാൽ കൂടോത്രത്തിന്റെ ശേഖരം ലഭിക്കുമെന്നും താമസിയാതെ എ.ഐ.സി.സി കൂടോത്രം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ബി.ജെ.പി നേതാവ് ബി. മുരളീധരൻ പറഞ്ഞു. ട്രോളുകാർ പെരുമാറാൻ തുടങ്ങിയാൽ വിജയിക്കുമെന്നും അത് മാത്രമാണ് വിജയവഴിയെന്നും സുരേഷ്ഗോപി എം.പി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അവർ നിശ്ചയിച്ചതിന്റെ എതിരെഴുത്ത് തൃശൂരിൽ സമ്മാനിച്ചത് ശുദ്ധമനസ്സുള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പാർട്ടി പ്രവർത്തകരടക്കമുള്ളവർ നിരവധി സമ്മാനങ്ങളുമായാണ് സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തിയത്. ഉച്ചക്ക് മൂന്നോടെ സ്വീകരണ പരിപാടി നടന്ന നഗരത്തിലെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്നു.
ജോർജിനെ തള്ളി പറഞ്ഞ് സി.പി.ഐ; മുണ്ടമ്പലം ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രം
തച്ചമ്പാറ: സി.പി.ഐ ജില്ല കൗൺസിൽ അംഗമായിരുന്ന ജോർജ് തച്ചമ്പാറ ബി.ജെ.പിയിൽ ചേർന്നതിന് പിറകെ സി.പി.ഐ ജോർജിനെ പുറത്താക്കിയതായി പത്രക്കുറിപ്പിറക്കി. ‘മുമ്പേ ജോർജ് തച്ചമ്പാറയെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നുവെന്നാണ് സി.പി.ഐ കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുറത്താക്കിയ വിവരമറിയിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നത്.
പത്രക്കുറിപ്പ് പറയുന്നതിങ്ങനെ: ഇടതുപക്ഷ മുന്നണി ധാരണ പ്രകാരം തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവി സി.പി.എമ്മിനാണ്.
സി.പി.ഐ പ്രതിനിധിയായി പഞ്ചായത്ത് അംഗമായ ജോർജ് തച്ചമ്പാറ മുന്നണി ധാരണക്ക് വിരുദ്ധമായി പ്രവർത്തിച്ചു. പാർട്ടി തീരുമാനമില്ലാതെ യു.ഡി.എഫിനൊപ്പം ചേർന്നു. ഈ സാഹചര്യത്തിൽ മുന്നണി നേതൃത്വം ഇടപെട്ട് നിലപാട് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർന്നും എൽ.ഡി.എഫ് വിരുദ്ധ സമീപനവുമായി ജോർജ് മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായായി.
ജൂൺ 22ന് ചേർന്ന സി.പി.ഐ മണ്ഡലം കമ്മിറ്റി ജോർജ് തച്ചമ്പാറയെ സംഘടന ചുമതലകളിൽനിന്ന് ചെയ്തിരുന്നതായി പത്രകുറുപ്പ് ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന ജോർജിനെ വ്യാഴാഴ്ച രാത്രിയോടെ സി.പി.ഐ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.ഐ കോങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ആർ. ചിന്നക്കുട്ടൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിയുടെ ഭാവി തുലാസിലായതോടെ ഈ മാസം 30ന് നടക്കാനിരിക്കുന്ന മുണ്ടമ്പലം വാർഡ് ഉപതെരഞ്ഞെടുപ്പിന് വാശിയും വീറും കൂടുമെന്ന് ഉറപ്പായി.
15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫും യു.ഡി.എഫും ആറ് വീതം സീറ്റു മാത്രമാണ് നിലവിലുള്ളത്. തച്ചമ്പാറയിൽ സി.പി.എമ്മിലെ ഒ. നാരായണൻകുട്ടിയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതി നിലനിർത്തേണ്ടത് മുന്നണിയുടെ അഭിമാനപ്രശ്നമാണ്. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് നൗഷാദ് ബാബുവും എൽ.ഡി.എഫിൽ പുതുമുഖവും മത്സരത്തിനുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.